കാഠ്മണ്ഡു: നേപ്പാളിൽ വ്യാഴാഴ്ചതുടങ്ങിയ കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 88 ആയി. 32 പേരെ കാണാതായി. പ്രളയത്തിൽനിന്ന് കരകയറാൻ ഹിമാലയൻരാഷ്ട്രം അന്താരാഷ്ട്ര ഏജൻസികളുടെ സഹായം അഭ്യർഥിച്ചു.

ഞായറാഴ്ചയോടെ മഴയുടെ ശക്തികുറഞ്ഞെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കൻ മേഖലകളിലെ 25 ജില്ലകളിലെ താമസക്കാർ വെള്ളപ്പൊക്കത്തിൽനിന്ന് മോചിതരായിട്ടില്ല. ഇവിടെ 16,520 വീടുകളിൽ വെള്ളം കയറി. ബാരാ ജില്ലയിൽ നാലുദിവസമായി 400 മില്ലീമീറ്ററിലധികം മഴയാണ് പെയ്തത്. കാഠ്മണ്ഡുവിലെ കലങ്കി, കുപോന്ദോലെ, കുലേശ്വർ, ബൽഖു എന്നീ ഭാഗങ്ങൾ വെള്ളിയാഴ്ചമുതൽ പൂർണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. കാഠ്മണ്ഡ‍ു, ലളിത്പുർ, ധാദിങ്, റൗതാഹത്, ചിതാവൻ, സിരാഹ തുടങ്ങിയ പ്രദേശങ്ങളിൽനിന്നായി 2500-ലധികം പേരെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും നിയോഗിച്ചു.

കാഠ്മണ്ഡുവിൽ അധികൃതർ അടിയന്തരയോഗം ചേർന്ന് നാശനഷ്ടങ്ങൾ വിലയിരുത്തി. ലോകാരോഗ്യസംഘടനയുടെ നേപ്പാൾ ഓഫീസിലെയും യുനിസെഫ്, യുണൈറ്റ‍ഡ് നാഷൻസ് പോപ്പുലേഷൻ ഫണ്ട് തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളുടെയും പ്രതിനിധികൾ പങ്കെടുത്തു. വിവിധയിടങ്ങളിൽ പ്രത്യേക ആരോഗ്യകേന്ദ്രങ്ങൾ തുറന്നതായി അധികൃതർ പറഞ്ഞു.

പ്രളയം സാരമായി ബാധിച്ച സ്ഥലങ്ങളിൽ അടിയന്തര സഹായമെത്തിക്കാൻ സർക്കാർ അന്താരാഷ്ട്ര ഏജൻസികളുടെ സഹായം അഭ്യർഥിച്ചു. പകർച്ചവ്യാധികൾ പടരുന്നത് തടയാൻ മുൻകരുതലെടുക്കാനും നിർദേശം നൽകി. ആശുപത്രികളോടും മെഡിക്കൽ കോളേജുകളോടും പ്രത്യേക ഡോക്ടർമാരടങ്ങുന്ന അടിയന്തര ചികിത്സാസംഘത്തെ രൂപവത്‌കരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയബാധിതർക്ക് പ്രവിശ്യസർക്കാരുകൾ അടിയന്തരസഹായം പ്രഖ്യാപിച്ചു.

തരായ് മേഖലയിൽ അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇവിടെ മിക്ക ജലാശയങ്ങളും പ്രളയജലത്തിൽ മലിനമായിട്ടുണ്ട്. തിങ്കളാഴ്ചമുതൽ നദികളിൽ ജലനിരപ്പ് താഴാൻ തുടങ്ങി. എന്നാൽ, തുടർച്ചയായി പെയ്ത മഴയിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.

2017-ലാണ് ഇതിനുമുമ്പ് നേപ്പാളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. അന്ന് 143 പേർ മരിച്ചു. 80,000 വീടുകൾ തകർന്നു. 2014-ലും 100-ലധികം പേർ വെള്ളപ്പൊക്കത്തിൽ മരിച്ചു.

Content Highlights: Floods, Nepal seeks international help