മോസ്‍കോ: തീപ്പിടിത്തത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽനിന്ന് ആ പിഞ്ചുകുഞ്ഞിനെ പുറത്തെടുക്കുന്പോൾ രക്ഷാപ്രവർത്തകർക്ക് സന്തോഷാശ്രുക്കൾ നിയന്ത്രിക്കാനായിരുന്നില്ല. അത്രമേൽ അവിശ്വസനീയമായിരുന്നു 11 മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ അതിജീവനം. 35 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന കുഞ്ഞിന്റെ രക്ഷപ്പെടലിനെക്കുറിച്ച് അദ്‌ഭുതമെന്നല്ലാതെ മറ്റൊന്നും വിളിക്കാൻ അവർക്കാവുന്നില്ല.

റഷ്യയിലെ മാഗ്നിറ്റോഗോർ‍സ്ക് നഗരത്തിൽ തീപ്പിടിത്തത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽനിന്നാണ് കുഞ്ഞിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് വാതകച്ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിലും തീപ്പിടിത്തത്തിലും കെട്ടിടസമുച്ചയം തകർന്നത്. നാലുപേർ മരിക്കുകയും എഴുപതിലേറെപ്പേരെ കാണാതാകുകയുംചെയ്തു. ഇവർക്കായുള്ള തിരച്ചിലിലാണ് കുഞ്ഞിന്റെ കരച്ചിൽ രക്ഷാപ്രവർത്തകരുടെ കാതിലെത്തിയത്. മണിക്കൂറോളംനീണ്ട ശ്രമഫലമായാണ് അവനെ പുറത്തെടുക്കാനായത്. നൂറുകണക്കിനുപേർ അവന്റെ വരവിനായി പുറത്ത്‌ തടിച്ചുകൂടിയിരുന്നു.

കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിശൈത്യത്തിൽ കുഞ്ഞിന് ഗുരുതര ശരീരവീക്കം ബാധിച്ചിട്ടുണ്ടെന്നും തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയധികൃതർ പറഞ്ഞു. അവൻ സുഖംപ്രാപിച്ചുവെന്ന വാർത്ത കേൾക്കാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ മാഗ്നിറ്റോഗോർക്സ് വാസികൾ. കുഞ്ഞിന്റെ അമ്മയെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു.

Content Highlights: fire in russia: 11 month old baby rescued after 35 hours