ലണ്ടൻ: മുംബൈ സ്ഫോടനപരമ്പരയിലെ സൂത്രധാരൻ അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിനെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള സാധ്യത തെളിയുന്നു. ദാവൂദ് ഇബ്രാഹിമിന്റെയും സംഘത്തിന്റെയും രഹസ്യങ്ങളെല്ലാം അറിയുന്ന ഫിനാൻസ് മാനേജർ ജാബിർ മോട്ടിയെ ലണ്ടനിലെ ഹിൽട്ടൺ ഹോട്ടലിൽനിന്ന് പോലീസ് അറസ്റ്റുചെയ്തു.

അറസ്റ്റ് സുപ്രധാനനേട്ടമായാണ് വിലയിരുത്തുന്നത്. ‘ഡി ഗാംഗി’ന്റെയും ദാവൂദിന്റെ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചും ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും കറാച്ചിയിലെയും ദുബായിലെയും ധനസ്രോതസ്സുകളെക്കുറിച്ചും മോട്ടിയിൽ നിന്ന് നിർണായക വിവരങ്ങൾ ഇയാളിൽനിന്ന് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

പാകിസ്താൻ പൗരനായ ജാബിർ മോട്ടി 10 വർഷത്തെ വിസയിലാണ് യു.കെ.യിൽ എത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മഹജാബീൻ, മകൻ മോയിൻ നവാസ്, മക്കളായ മഹറൂഖ്, മെഹ്‌റീൻ, മരുമക്കളായ ജുനൈദ്, ഔറംഗസേബ് എന്നിവരുമായെല്ലാം ഇയാൾക്ക് ബന്ധമുണ്ട്. മരുമക്കളിൽ ജുനൈദ് പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ജാവേദ് മിയാൻദാദിന്റെ മകനാണ്. ദാവൂദിന്റെ ചെറിയ മകൾ മാസിയ അവിവാഹിതയാണ്.

പാകിസ്താനുപുറമെ മധ്യേഷ്യ, യു.കെ., യൂറോപ്പ്, ആഫ്രിക്ക, തെക്ക് കിഴക്കൻ ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ രാജ്യങ്ങളിലുമായി പരന്നുകിടക്കുന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ് ദാവൂദ് ഇബ്രാഹിം. ബിസിനസ്സിൽ നിന്നുള്ളതിൽനിന്ന് പുറമെ ആയുധമിടപാട്, മയക്കുമരുന്ന് കടത്ത്, ഭീഷണിപ്പെടുത്തി പണംപിരിക്കൽ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നുകൂടിയുള്ള വരുമാനമാണ് ഇന്ത്യാവിരുദ്ധപ്രവർത്തനങ്ങൾക്ക് ദാവൂദ് സംഘം ഉപയോഗിക്കുന്നതെന്ന് പോലീസ് പറയുന്നു.

കറാച്ചിയിൽ ദാവൂദ് കുടുംബം താമസിക്കുന്നിടത്ത് ജാബിർ മോട്ടിക്കും വസ്തു ഉണ്ട്. ദാവൂദ് കുടുംബത്തിന് യു.കെ.യിൽ താമസമൊരുക്കാനും ജാബിർ ശ്രമിച്ചിരുന്നു. ബാർബഡോസ്, ആന്റിഗ്വ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഹംഗറി എന്നിവിടങ്ങളിലും പൗരത്വത്തിനുവേണ്ടി നേരത്തേ ഇയാൾ ശ്രമിച്ചിരുന്നു.

മുംബൈയിൽ 1993-ൽ 250-ഓളം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനപരമ്പരയുടെ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിമിനെതിരേ ഒട്ടേറേ കേസുകൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്.