ജറുസലേം: ഇന്റർനെറ്റ് വേഗം കുറവുള്ള 170 രാജ്യങ്ങളിൽ ഇൻസ്റ്റഗ്രാമിന്റെ ‘ലൈറ്റ്’ പതിപ്പ് പുറത്തിറക്കിയതായി ഫെയ്‌സ്ബുക്ക് അറിയിച്ചു. ഇതുവഴി ഇന്റർനെറ്റ് വേഗം കുറഞ്ഞാലും ഉപയോക്താക്കൾക്ക് ഫോട്ടോയും വീഡിയോകളും ഇൻസ്റ്റഗ്രാം വഴി പങ്കുവെക്കാൻ സാധിക്കും. ഐ.ജി.ടി.വി.യും റീലുകളും ഒഴികെ-ഹ്രസ്വ വീഡിയോ ക്ലിപ്പുകൾ ഉണ്ടാക്കുക, പങ്കിടുക തുടങ്ങി ഇൻസ്റ്റഗ്രാമിലെ മിക്ക പ്രധാന സവിശേഷതകളും ഇൻസ്റ്റഗ്രാം ലൈറ്റ് നിലനിർത്തി.

വേഗം കുറഞ്ഞ 2 ജി നെറ്റ്‌വർക്കുകളിൽപോലും ഇത് പ്രവർത്തിക്കുമെന്നും രണ്ട് എം.ബി. മാത്രമാണ് ആപ്ലിക്കേഷന് ആവശ്യമായുള്ളതെന്നും സേവനദാതാക്കൾ അറിയിച്ചു. ഇന്ത്യ, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ഉദ്ദേശിച്ചാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കം. ലൈറ്റ് പതിപ്പുകൾക്കുപുറമേ, ഇന്റർനെറ്റ് വേഗം കുറഞ്ഞ 20-ഓളം രാജ്യങ്ങളിലേക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി ഫെയ്‌സ്ബുക്ക് എക്സ്പ്രസ് വൈഫൈ സേവനവും വികസിപ്പിച്ചതായി കമ്പനി അറിയിച്ചു.