വാഷിങ്ടൺ: യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് രണ്ടുവർഷത്തേക്കുകൂടി തുടരാൻ ഫെയ്സ്ബുക്ക് തീരുമാനിച്ചു. ട്രംപിന്റെ നടപടികൾ തങ്ങളുടെ നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും ഇതിനുള്ള ഏറ്റവും ഉയർന്ന ശിക്ഷയായി വിലക്ക് രണ്ടുവർഷത്തേക്ക് നീട്ടുന്നതായി ഫെയ്‌സ്ബുക്കിന്റെ ആഗോളകാര്യങ്ങളുടെ വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് പ്രസ്താവനയിൽ വ്യക്തമാക്കി. വിലക്ക് ശരിവെച്ചുള്ള കമ്പനിയുടെ ഓവർസൈറ്റ് പാനലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് തീരുമാനം.

സമയപരിധി കഴിഞ്ഞാലും വിദഗ്ധരുമായി ചർച്ച നടത്തി പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കിയശേഷമാകും വിലക്ക് പുനഃസ്ഥാപിക്കുകയെന്നും ക്ലെഗ് വ്യക്തമാക്കി. യു.എസ്. പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിനുനേരെയുണ്ടായ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയതിനാണ് ജനുവരിയിൽ ഫെയ്സ്ബുക്ക് ട്രംപിന് വിലക്ക് ഏർപ്പെടുത്തിയത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും എന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ ട്രംപിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു.