ബ്രസീലിയ: ബ്രസീൽ പ്രസിഡൻറ് ജൈർ ബൊൽസൊനാരോയെ പിന്തുണയ്ക്കുന്ന 12 പേരുടെ അക്കൗണ്ടുകൾക്ക് ആഗോളവിലക്ക് ഏർപ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക്. 2018-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന 12 അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഫെയ്സ്ബുക്കിനോടും 16 അക്കൗണ്ടുകൾ മരവിപ്പിക്കാൻ ട്വിറ്ററിനോടും ബ്രസീൽ സുപ്രീംകോടതി വ്യാഴാഴ്ച നിർദേശം നൽകിയിരുന്നു. നടപടി ഉണ്ടാകാത്തതിനെത്തുടർന്ന് കോടതി ഫെയ്സ്ബുക്കിന് കഴിഞ്ഞദിവസം 3,67,710 യു.എസ്. ഡോളർ പിഴയും ചുമത്തി. തുടർന്നാണ് ഫെയ്സ്ബുക്ക് നടപടി സ്വീകരിച്ചത്. എന്നാൽ, ഉത്തരവ് നടപ്പാക്കാത്ത ട്വിറ്ററിന് പിഴ ചുമത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.

ബ്രസീലിന്റെ പരിധിക്കു പുറത്തുള്ളതും ആവിഷ്കാരസ്വാതന്ത്ര്യത്തിന് ഭീഷണിയുമാണ് കോടതി ഉത്തരവെന്നും എന്നാൽ, തീരുമാനം നടപ്പാക്കുകയാണെന്നുമാണ് ഫെയ്സ്ബുക്ക് വക്താവ് പറഞ്ഞത്. ഈ സമയത്ത് വേറെ ഉപായമൊന്നും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്കൗണ്ടുകൾ മരവിപ്പിക്കാത്തതിന് സുപ്രീംകോടതി ജഡ്ജി അലസാൻഡ്രെ ഡി മൊറെയ്സ് ഫെയ്സ്ബുക്കിനെ രൂക്ഷമായാണ് വിമർശിച്ചത്. ഇനിയും നടപടിയെടുത്തില്ലെങ്കിൽ പിഴ ദിനംപ്രതി ഉയർത്തുമെന്ന് മുന്നറിയിപ്പും നൽകുകയുണ്ടായി. ബ്രസീലിന് പുറത്തേക്ക് ലോക്കേഷൻ മാറ്റി ഈ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത് അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.