വാഷിങ്ടൺ: സാമൂഹികമാധ്യമ ഭീമന്മാരായ ഫെയ്സ്ബുക്ക് തങ്ങളുടെ ബ്രാൻഡ്നെയിം മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ്, ഒക്കുലസ് എന്നിവയുടെ ഉടമസ്ഥതകൂടിയുള്ള ഫെയ്സ്ബുക്ക് അതിന്റെ മാതൃകമ്പനിയുടെ പുതിയ പേര് അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് യു.എസ്. ടെക്നോളജി ബ്ലോഗായ വെർജ് റിപ്പോർട്ട് ചെയ്യുന്നു. ഫെയ്സ്ബുക്ക് ആപ്ലിക്കേഷന്റെ പേരിൽ മാറ്റമുണ്ടാവില്ല. അതിനാൽ നടപടി ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല.

മാധ്യമസ്ഥാപനത്തിനപ്പുറത്തേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് വിലയിരുത്തൽ. അതേസമയം, നിലവിലുള്ള വിവാദങ്ങളിൽനിന്ന്‌ മുക്തിനേടാനാണ് നടപടിയെന്നും റിപ്പോർട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ ഒക്ടോബർ 28-ന് നടക്കുന്ന വാർഷിക സമ്മേളനത്തിൽ കമ്പനി സി.ഇ.ഒ. മാർക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ബ്രാൻഡ് നെയിം മാറ്റത്തോടെ സ്മാർട്ട്‌ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് കടക്കാൻ സക്കർബർഗ് ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഫെയ്സ്ബുക്ക് റിപ്പോർട്ടിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

content highlights: facebook likely to change its name