കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിലെ പ്രസിദ്ധമായ ഹിലാരിപ്പടി (ഹിലാരി സ്റ്റെപ്പ്) ഇടിഞ്ഞിട്ടില്ലെന്ന് നേപ്പാളി പര്‍വതാരോഹകര്‍ ബുധനാഴ്ച പറഞ്ഞു. ഹിലാരിപ്പടി ഇടിഞ്ഞുവീണു എന്ന ബ്രിട്ടീഷ് പര്‍വതാരോഹകന്റെ വാദം തെറ്റാണെന്ന് അവര്‍ പറഞ്ഞു.

എവറസ്റ്റിന്റെ നെറുകയിലെത്തുന്നതിന് തൊട്ടുമുമ്പുള്ള കൂര്‍ത്തപാറക്കെട്ടാണ് ഹിലാരിപ്പടി. ആദ്യ എവറസ്റ്റ് ആരോഹകന്‍ എഡ്മണ്ട് ഹിലാരിയുടെ ബഹുമാനാര്‍ഥമാണ് ഇതിന് ഈ പേര് നല്‍കിയത്. ഹിലാരിപ്പടിയിലെ ഒരു വലിയ കല്ല് ഇളകിവീണതല്ലാതെ ഇതിന് ഒരുകുഴപ്പവുമില്ലെന്ന് പെംബ ഡോര്‍ജെ ഷെര്‍പ പറഞ്ഞു. ശനിയാഴ്ച ഇദ്ദേഹം കൊടുമുടി കീഴടക്കിയിരുന്നു. 15 തവണ എവറസ്റ്റ് കയറിയിട്ടുള്ളയാളാണ് പെംബ.

ആറുതവണ എവറസ്റ്റ് കീഴടക്കിയിട്ടുള്ള ബ്രിട്ടീഷ് പര്‍വതാരോഹകന്‍ ടോം മൊസെഡേലാണ് ഹിലാരിപ്പടി ഇടിഞ്ഞുവീണെന്ന് ബുധനാഴ്ച ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.