തെസ്ലോനിക്കി: ഗ്രീസിലെ തെസ്ലോനിക്കി നഗരത്തില്‍ കണ്ടെത്തിയ രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് നിര്‍വീര്യമാക്കാന്‍ എഴുപതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. 250-കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോംബ് കഴിഞ്ഞയാഴ്ച റോഡ് നിര്‍മാണത്തിനിടയാണ് കണ്ടെത്തിയത്.

ഞായറാഴ്ചയാണ് ബോംബ് നിര്‍വീര്യമാക്കുക. ഇതിനായി പ്രദേശവാസികളെ ഒഴിപ്പിക്കുന്ന നടപടികള്‍ ശനിയാഴ്ച തുടങ്ങി. ഭിന്നശേഷിയുള്ളവരും കിടപ്പുരോഗികളുമായ മുന്നൂറിലേറെ പേരെയാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിച്ചത്. പ്രദേശത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ എട്ട് മണിക്കൂറില്‍ ഒഴിപ്പിക്കാന്‍ ആയിരത്തിലേറെ പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ലോക മഹായുദ്ധകാലത്തെ ബോംബുകള്‍ കണ്ടെത്തിയ സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ജര്‍മനിയിലെ ആഗ്‌സ്ബര്‍ഗില്‍ 54,000 പേരെയാണ് ബോംബ് നിര്‍വീര്യമാക്കുന്നതിനായി ഒഴിപ്പിച്ചത്.