പാരീസ്: യൂറോപ്യൻ ബാങ്കിങ് അതോറിറ്റിയുടെ മൈക്രോസോഫ്റ്റ്‌ ഇ-മെയിൽ സംവിധാനം ഹാക്കുചെയ്തു. പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. ചൈനയിൽ പ്രവർത്തിക്കുന്ന ‘ഹഫ്‌നിയം’ എന്ന ഹാക്കർസംഘം തങ്ങളുടെ ഇ-മെയിൽ സേവനങ്ങളിൽ നുഴഞ്ഞുകയറി ഡേറ്റ മോഷ്ടിക്കുന്നതായി മൈക്രോസോഫ്റ്റ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. സുരക്ഷാതകരാറുകൾ പരിഹരിക്കാനായി കമ്പനി അപ്ഡേറ്റുകൾ നൽകിയിട്ടുണ്ടെന്നും അവ പ്രയോഗത്തിൽ വരുത്താൻ ഉപയോക്താക്കളോട് ആവശ്യപ്പെട്ടതായും മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് ടോം ബർട്ട് പറഞ്ഞു. സാംക്രമികരോഗ ഗവേഷകർ, നിയമസ്ഥാപനങ്ങൾ, സർവകലാശാലകൾ, പ്രതിരോധകരാറുകാർ, എൻ.ജി.ഒ.കൾ എന്നിവയുൾപ്പെടെ യു.എസ്. ആസ്ഥാനമായുള്ള കമ്പനികളെയാണ് ‘ഹഫ്‌നിയം’ മുമ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.