ആംസ്റ്റെർഡാം/പാരീസ്: കോവിഡ് വീണ്ടും പിടിമുറുക്കിയതോടെ യൂറോപ്യൻ രാജ്യങ്ങളേർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരേ വ്യാപക പ്രതിഷേധം. ഓസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി, നെതർലൻഡ്സ് എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകൾ ഞായറാഴ്ച തെരുവിലിറങ്ങി.

തുടർച്ചയായ രണ്ടാംദിവസവും നെതർലൻഡ്സിൽ പ്രതിഷേധം അക്രമാസക്തമായി. ഞായറാഴ്ച ഹേഗിൽ പോലീസിനുനേരെ പ്രതിഷേധക്കാർ കരിമരുന്ന് പ്രയോഗിച്ചു. ആംബുലൻസിനുനേരെയും കല്ലേറുണ്ടായി. റോഡിൽ സൈക്കിൾ കത്തിച്ചു. അഞ്ച് പോലീസുകാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് പ്രതിഷേധം നടത്തിയതിന് 19 പേരെ  അറസ്റ്റുചെയ്തു. മൂന്നാഴ്ചത്തെ ഭാഗിക ലോക്ഡൗണാണ് രാജ്യത്ത്.

കോവിഡിന്റെ അഞ്ചാംതരംഗം രാജ്യത്ത് മിന്നൽവേഗത്തിൽ വ്യാപിക്കുകയാണെന്ന് ഫ്രഞ്ച് സർക്കാർ പറഞ്ഞു. കോവിഡ് കേസുകൾ കഴിഞ്ഞയാഴ്ചകളെക്കാൾ ഇരട്ടിയാവുകയാണിവിടെ. യൂറോപ്പിൽ കോവിഡ് വ്യാപനം ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടനാ പറഞ്ഞു.