ബ്രസൽസ്: മ്യാൻമാറിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരടക്കം 11 പേർക്കെതിരേ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചതിനും സമാധാനമായി പ്രതിഷേധിച്ചവരെ അടിച്ചമർത്തിയതിനുമാണ് നടപടിയെന്ന് യൂണിയന്റെ വിദേശമന്ത്രിമാരുടെ യോഗം വ്യക്തമാക്കി.

കമാൻഡർ ഇൻ ചീഫ് മിൻ ആങ് ഹിയാങ്, ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് സോയ് വിൻ ഉൾപ്പെടെ സൈന്യത്തിലെ 10 പേർക്കെതിരായാണ് നടപടി. കഴിഞ്ഞവർഷത്തെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷൻ തലവനെതിരേയും ഉപരോധമുണ്ട്. ആസ്തി മരവിപ്പിക്കൽ, യാത്രാവിലക്ക് ഉൾപ്പെടെയുള്ള നടപടികൾ ഇവർ നേരിടേണ്ടിവരും.

രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും സൈന്യം നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ സാമ്പത്തികനിയന്ത്രണങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തുന്നത് പരിഗണിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. നിയന്ത്രണങ്ങൾ ജനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തും. മ്യാൻമാർ ജനതയെ ഉപരോധത്തിലൂടെ ശിക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മനുഷ്യാവകാശലംഘനങ്ങൾക്കെതിരേയാണ് നടപടിയെന്നും ജർമൻ വിദേശമന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു.

Content Highlights: EU to impose sanctions in response to Myanmar coup