കാലിഫോർണിയ: ട്വിറ്ററിൽ നടത്തിയ ഒരു അഭിപ്രായവോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ ഇലക്‌ട്രോണിക് കാർനിർമാതാക്കളായ ടെസ്‌ലയുടെ 37,157 കോടി രൂപയുടെ (500 കോടി ഡോളർ) ഓഹരികൾ എലോൺ മസ്ക് വിറ്റഴിച്ചു. “നികുതി ഒഴിവ് നേടുന്നതിനായി ടെസ്‌ലയുടെ 10 ശതമാനം ഓഹരികൾ വിൽക്കാൻ ഉദ്ദേശിക്കുന്നു. നിങ്ങൾ പിന്തുണയ്ക്കുമോ? എന്നായിരുന്നു മസ്കിന്റെ ട്വിറ്ററിലെ ചോദ്യം. ലഭിച്ച 35 ലക്ഷം വോട്ടുകളിൽ 58 ശതമാനത്തോളം പേർ വിറ്റഴിക്കലിനെ അനുകൂലിച്ചു. നിമിഷനേരംകൊണ്ട് അദ്ദേഹം ഓഹരികൾ കൈയൊഴിയുകയുംചെയ്തു.

9,30,000 ഓഹരികളാണ് അദ്ദേഹം വിറ്റതെന്ന് യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷന് നൽകിയ റെഗുലേറ്ററി ഫയലിങിൽ വ്യക്തമാക്കിയിട്ടുണ്ട്. ടെസ്‌ലയിൽ 23 ശതമാനം ഓഹരിവിഹിതമാണ് മസ്കിനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവുംമൂല്യമേറിയ കാർനിർമാതാക്കളാണ് ടെസ്‌ല. ഒരുലക്ഷം കോടി യു.എസ്. ഡോളറാണ് വിപണിമൂല്യം.