ന്യൂയോർക്ക്: സ്പേസ് എക്സ് സ്ഥാപകൻ എലൺ മസ്ക് അഞ്ചുകൊല്ലം ആപ്പിളിന്റെ സി.ഇ.ഒ. ആവാൻ ശ്രമം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. ടെസ്‌ലയുടെ മോഡൽ 3 ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടെ ടെസ്‌ല വാങ്ങാൻ താത്‌പര്യമറിയിച്ച് ആപ്പിൾ സി.ഇ.ഒ. ടിം കുക്ക് എലൺ മസ്കിനെ സമീപിച്ചപ്പോഴായിരുന്നു ഇത്.

ടെസ്‌ല തരാമെന്നും എന്നാൽ തന്നെ ആപ്പിളിന്റെ സി.ഇ.ഒ. ആക്കണമെന്നുമുള്ള ഉപാധി മസ്ക് മുന്നോട്ടുവെച്ചു. ഇത് കുക്കിനെ ആശ്ചര്യപ്പെടുത്തി. പിന്നാലെ കൃത്യമായി മറുപടി നൽകാതെ അദ്ദേഹം ഫോൺ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു എന്നുമാണ് വിവരം.

ആപ്പിൾ, ടെസ്‌ല അടക്കമുള്ള ടെക് കമ്പനികളുടെ റിപ്പോർട്ട് കവർ ചെയ്യുന്ന വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർ ടിം ഹിഗ്ഗിൻസിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് വിവരമുള്ളത്. ‘പവർ പ്ലേ: ടെസ്‌ല, എലൺ മസ്ക് ആൻഡ് ദ ബെറ്റ് ഓഫ് ദ സെഞ്ചുറി’ എന്ന പുസ്തകം അവലോകനം ചെയ്ത ലോസ് ആഞ്ജലിസ് ടൈംസാണ് വാർത്ത പുറത്തുവിട്ടത്.

സംഭവം മസ്കും ടിം കുക്കും നിഷേധിച്ചിട്ടുണ്ട്. എന്നാൽ, ടെസ്‌ല ആപ്പിളിന് വിൽക്കുന്ന കാര്യം ആലോചിച്ചിരുന്നെന്ന് കഴിഞ്ഞ ഡിസംബറിൽ മസ്ക് വെളിപ്പെടുത്തിയിരുന്നു. പക്ഷേ, കുക്കുമായി ഇക്കാര്യം ഒരിക്കൽപോലും സംസാരിച്ചിട്ടില്ല. ഒരിക്കൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയൊരു ഉപാധി താൻ വെച്ചിട്ടുമില്ല- മസ്ക് പറഞ്ഞു. മസ്കുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്ന് ഹിഗ്ഗിൻസ് പറയുന്നു.