സാൻ സാൽവഡോർ: മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ നിയമപരമായ നാണയമായി അംഗീകരിച്ചു. ബിറ്റ്കോയിന്റെ ഉപയോഗത്തിന് നിയമസാധുത നൽകുന്ന ബിൽ നിയമനിർമാണസഭ വോട്ടെടുപ്പിലൂടെ അംഗീകരിച്ചതായി പ്രസിഡന്റ് നായിബ് ബുക്കെലെ ട്വിറ്ററിലൂടെ അറിയിച്ചു.

സഭയിലെ 84 പ്രതിനിധികളിൽ 62 പേരുടെയും പിന്തുണ നേടിയാണ് നിയമം പാസായത്. എൽ സാൽവഡോർ ലോകത്ത് ക്രിപ്റ്റോകറൻസി നാണയമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി.

ചരിത്രപരമായ തീരുമാനമെന്നും യു.എസ്. ഡോളറിന്റെ ഉപയോഗം തുടരുമെന്നും ബിറ്റ്കോയിൻ ഉപയോഗിക്കണമെന്ന് നിർബന്ധമില്ലെന്നും നായിബ് പറഞ്ഞു. ഓരോ ഇടപാടിലും ബിറ്റ്കോയിന്റെ മൂല്യം ഡോളറിലേക്ക് പരിവർത്തനം ചെയ്യുമെന്നും ഉപഭോക്താക്കൾക്ക് അപകടസാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി.