കയ്റോ: ഈജിപ്തിൽ സഞ്ചാരികളുമായിപ്പോയ രണ്ടുബസുകൾ അപകടത്തിൽപ്പെട്ട് മൂന്ന് ഇന്ത്യക്കാർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. കയ്റോയിൽനിന്ന് 120 കിലോമീറ്റർ ദൂരെ ഐൻ സൊഖ്ന നഗരത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തീരസഞ്ചാരനഗരമായ ഹർഗാദയിലേക്ക് പോവുകയായിരുന്നു രണ്ടുബസുകളുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ പറഞ്ഞു.

പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും എംബസി ‘ട്വിറ്ററി’ലൂടെ അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളെ വിവരമറിയിച്ചു. അവർക്ക് എല്ലാസഹായവും എംബസി ഉറപ്പുനൽകിയിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകി. ഇന്ത്യയിൽനിന്നുള്ള 16 വിനോദസഞ്ചാരികളാണ് ബസുകളിലുണ്ടായിരുന്നത്.

അതേസമയം, രണ്ടുസ്ഥലങ്ങളിലായിരുന്നു അപകടങ്ങളെന്നാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്. മൂന്ന് ഇന്ത്യക്കാർക്കുപുറമേ രണ്ട് മലേഷ്യക്കാരും മൂന്ന് ഈജിപ്ത് സ്വദേശികളുമടക്കം 28 പേർ മരിച്ചതായാണ് റിപ്പോർട്ട്. ആദ്യത്തെ അപകടത്തിലാണ് ഇന്ത്യക്കാർ മരിച്ചത്. മറ്റൊരു അപകടത്തിൽ വസ്ത്രനിർമാണശാലാ ജീവനക്കാർ ഉൾപ്പെടെയുള്ളവരുമായി പോവുകയായിരുന്ന ബസ് കാറുമായി കൂട്ടിയിടിച്ച് 22 പേരും മരിച്ചു. വടക്കൻ ഈജിപ്തിലെ പോർട്ട് സയീദിനും ഡാമിയേറ്റയ്ക്കും ഇടയിൽവെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പറയുന്നു. എട്ടുപേർക്ക് പരിക്കേൽക്കുകയുംചെയ്തു.

തകർന്ന റോഡുകളും യാത്രക്കാർ ഗതാഗതനിയമങ്ങൾ പാലിക്കാത്തതും കാരണം ഈജിപ്തിൽ റോഡപകടങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2017-ൽ 11,098-ഉം 2018-ൽ 8480-വും റോഡപകടങ്ങളാണുണ്ടായത്.

Content Highlights: Egypt Bus accident: Three Indians killed