ധാക്ക: ബംഗ്ലാദേശിലേക്ക് ഭീകരതയുടെ വേരുകൾ പടർത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ. ശ്രമിക്കുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശ് സ്വതന്ത്രരാജ്യമായതുമുതൽ പാകിസ്താൻ ഇതിനായി ശ്രമിച്ചുവരുകയാണെന്ന് മന്ത്രി ഹസനുൽ ഇനു പറഞ്ഞു. 2016-ൽ ധാക്കയിലെ ഹോളി ആർട്ടിസൺ ബേക്കറിയിലെ ആക്രമണത്തോടെ ബംഗ്ലാദേശിലെ ഭീകരരും പാകിസ്താനിൽനിന്ന് പിന്തുണയ്ക്കുന്നവരും തമ്മിലുള്ള ബന്ധം ദൃഢമായി. ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് എന്ന പ്രാദേശികഭീകരസംഘടന നടത്തിയ ആക്രമണത്തിൽ അന്ന് 20 പേരാണ് കൊല്ലപ്പെട്ടത്. ശേഷം നടത്തിയ തിരച്ചിലുകളിലും അന്വേഷണങ്ങളിലും സംഘടനയ്ക്ക് ലഷ്കറെ തൊയ്ബ ഭീകരസംഘടനയുടെ പിന്തുണയുണ്ടായിരുന്നെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ലഷ്കർ ഭീകരർക്ക് ഐ.എസ്.ഐ.യുടെ പരിശീലനവും സഹായധനവും സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ട് നേരത്തേ പുറത്തുവന്നിരുന്നു.