മനില: ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിൽ ശനിയാഴ്ച ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ചലനത്തിനുപിന്നാലെ ചെറു സുനാമിയുണ്ടായതായി അധികൃതർ പറഞ്ഞു.

ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ല. ഫിലിപ്പീൻസിലും ഇൻഡൊനീഷ്യൻ തീരത്തും അപകടകരമായ സുനാമിയുണ്ടാകാൻ സാധ്യതയുള്ളതായി പസഫിക് സുനാമി വാണിങ് സെന്റർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.

ദാവോ നഗരത്തിന്റെ തെക്കു കിഴക്കായി ഭൗമോപരിതലത്തിൽ നിന്ന് 59 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ പറഞ്ഞു.

ഭൂകമ്പത്തിനും അഗ്നിപർവത സ്ഫോടനങ്ങൾക്കും സാധ്യതയേറിയ പസഫിക് സമുദ്രത്തിലെ ‘ അഗ്നിവലയ’ മേഖലയിലാണ് ഇൻഡൊനീഷ്യയും ഫിലിപ്പീൻസും. ഇൻഡൊനീഷ്യയിൽ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ സുനാമിയിൽ 430-ലേറെപ്പേരാണ് മരിച്ചത്.