ദുബായ്: ഒസാമ ബിന്‍ ലാദനെ കൊന്നതിന് അമേരിക്കയോട് പകരംവീട്ടുമെന്ന് മകന്‍ ഹംസ ബിന്‍ലാദന്‍. സമൂഹമാധ്യമത്തില്‍ പോസ്റ്റുചെയ്ത ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണി പുറത്തുവന്നത്.ആഗോളതലത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ശപഥം ചെയ്യുന്നതാണ് 21 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു.പലസ്തീന്‍, അഫ്ഗാനിസ്താന്‍, സിറിയ, ഇറാഖ്, യെമന്‍, സൊമാലിയ തുടങ്ങിയ മുസ്ലിംരാഷ്ട്രങ്ങളില്‍ അമേരിക്കയും സഖ്യകക്ഷികളും അടിച്ചമര്‍ത്തുന്ന ജനതയ്ക്കുവേണ്ടി പോരാടുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.

ഇത് ഒസാമയ്ക്കുവേണ്ടി മാത്രമുള്ള പ്രതികാരമല്ല. മുഴുവന്‍ ഇസ്ലാം വിശ്വാസികള്‍ക്കും വേണ്ടിയാണ്. 2011-ല്‍ പാകിസ്താനിലെ ഒളിത്താവളത്തില്‍വെച്ചാണ് അമേരിക്കന്‍ നാവികസേന ലാദനെ വധിച്ചത്. തന്റെ മരണശേഷം സംഘാംഗങ്ങള്‍ ഹംസയുടെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്ന് ഇസ്ലാമിനെ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ പോരാടണമെന്ന് ലാദന്‍ ആഹ്വാനംചെയ്യുന്ന രേഖകള്‍ ഇവിടെനിന്ന് സേന കണ്ടെത്തിയിരുന്നു.