ഹാലിഫാക്‌സ് (കാനഡ): ബഹാമസിൽ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ ഡൊറിയാൻ ചുഴലിക്കൊടുങ്കാറ്റ് കാനഡയിൽ തീരംതൊട്ടു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ 4.5 ലക്ഷത്തോളം വീടുകളിൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടു. നോവ സ്‌കോട്ടിയയുടെ തലസ്ഥാനമായ ഹാലിഫാക്സിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു. മരങ്ങൾ കടപുഴകിവീണു. റോഡുഗതാഗതം മുടങ്ങി.

ഹാലിഫാക്സിൽ 100 മില്ലിമീറ്റർ മഴപെയ്തു. മഴ ഇനിയും കനക്കുമെന്നാണ് പ്രവചനം. രക്ഷാപ്രവർത്തനങ്ങൾക്കായി സർക്കാർ സൈന്യത്തെ വിന്യസിച്ചതായി മന്ത്രി റാൽഫ് ഇ ഗുഡേൽ പറഞ്ഞു. കടൽത്തീരത്ത് താമസിക്കുന്നവരോട് എത്രയുംവേഗം മാറണമെന്ന് ആവശ്യപ്പെട്ടു.

ബഹാമസിൽ സെപ്റ്റംബർ ഒന്നിനാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കനത്തനാശമുണ്ടാവുമെന്ന് മുന്നറിയിപ്പുനൽകി കാറ്റഗറി അഞ്ചിലാണ് കാറ്റിനെ ഉൾപ്പെടുത്തിയത്. അവിടെ കാറ്റിന് 295 കിലോമീറ്റർവരെ വേഗം കൈവരിച്ചിരുന്നു.

ഔദ്യോഗികകണക്കുപ്രകാരം 43 പേരാണ് മരിച്ചത്. പലയിടത്തും രക്ഷാപ്രവർത്തനം സാധ്യമല്ലാത്തതിനാൽ കൂടുതൽപേർ മരിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ബഹാമസിലും അബാക്കോ ദ്വീപിലുമായി 70,000 പേർക്ക് അടിയന്തരമായി സഹായം എത്തിക്കേണ്ടതുണ്ടെന്ന് യു.എൻ. ഉദ്യോഗസ്ഥർ അറിയിച്ചു.

Content Highlights: Dorian storm in Canada