കാലാവധികഴിഞ്ഞ ഒരു പ്രസിഡന്റ് തോൽവി സമ്മതിച്ച് പടിയിറങ്ങാൻ വിസമ്മതിക്കുന്ന സംഭവം യു.എസ്. ചരിത്രത്തിൽ ഇന്നേവരെയില്ലാത്തതാണ്. ഇങ്ങനെയൊരു സാഹചര്യം ഭരണഘടനാശില്പികൾ ഒരിക്കലും പ്രതീക്ഷിക്കുകയോ ചർച്ചചെയ്തിട്ടോ ഉണ്ടാവില്ലെന്ന് ന്യൂയോർക്ക് നിയമസർവകലാശാലയിലെ പ്രൊഫസർ റിക്ക് പൈൽഡെസ് പറയുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു പ്രശ്നം എങ്ങനെ നേരിടണമെന്ന് ഭരണഘടനയിലെവിടെയുമില്ല. രണ്ടുഘട്ടങ്ങളിലാണ് ഭരണഘടനയനുസരിച്ച് യു.എസ്. പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കാനാവുക. പുറത്താക്കലാണ് ഒന്ന്. രോഗങ്ങളാലോ മറ്റുസാഹചര്യങ്ങളാലോ പ്രസിഡന്റിന് ഓഫീസിൽ തുടരാനാവാത്ത സാഹചര്യം വന്നാലും സ്ഥാനത്തുനിന്ന് നീക്കാം. ട്രംപ് നിയമപരമായി പ്രസിഡന്റല്ലാത്തതിനാൽ ഇവരണ്ടും ഇവിടെ പ്രയോഗിക്കാനാവില്ല.

കാലാവധിതീരുമ്പോൾ സംഭവിക്കുക

യു.എസ്. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നാലുവർഷത്തെ കാലാവധി ജനുവരി 20-ന് ഉച്ചയോടെ കഴിയും. അന്നുതന്നെ ജോ ബൈഡൻ പുതിയ പ്രസിഡന്റാവും. ഡിസംബർ 14-ന് ഇലക്ടറൽ കോളേജ്, തിരഞ്ഞെടുപ്പുഫലം ഔദ്യോഗികമായി സ്ഥിരീകരിക്കും. ബൈഡന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ വോട്ടെണ്ണൽ വീണ്ടും നടത്തിയാലും അന്തിമഫലത്തെ ബാധിക്കില്ല. ജനുവരിവരെയൊന്നും വോട്ടെണ്ണൽ നീളാൻ സാധ്യതയുമില്ല.

ബൈഡൻ സ്ഥാനമേൽക്കുന്നതോടെ ട്രംപ് സാധാരണപൗരനാകും. ഓഫീസ് വിടാൻ എന്നിട്ടും ട്രംപ് തയ്യാറായില്ലെങ്കിൽ ബലംപ്രയോഗിച്ച് നീക്കാൻ സൈന്യത്തോടോ സീക്രട്ട് സർവീസിനോടോ ബൈഡന് ഉത്തരവിടാം. അതിക്രമിച്ചുകയറിവന്ന ഒരാളായിട്ടായിരിക്കും ട്രംപിനെ അപ്പോൾ കണക്കാക്കുകയെന്ന് ആംഹേസ്റ്റ് കോളേജ് നിയമവിഭാഗം പ്രൊഫസറായ ലോറൻസ് ഡഗ്ലസ് പറഞ്ഞു.