വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിക്കാതെ ഡൊണാൾഡ് ട്രംപ്, വോട്ടെടുപ്പിൽ ക്രമക്കേട് നടന്നെന്ന ആരോപണം ഞായറാഴ്ചയും ആവർത്തിച്ചു. വോട്ടിങ് മെഷീനുകൾ അഴിമതി നിറഞ്ഞതാണെന്നും തിരഞ്ഞെടുപ്പ് അപഹരിക്കപ്പെട്ടെന്നും തെളിവുകൾ ഹാജരാക്കാതെ ട്രംപ് പറഞ്ഞു.

‘ഈ ആളുകളൊക്കെ കള്ളന്മാരാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. വലിയ നഗരങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ അഴിമതി നിറഞ്ഞതാണ്. ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് വിദഗ്‌ധർ എഴുതിയപോലെ ഇതു തട്ടിയെടുക്കപ്പെട്ട തിരഞ്ഞെടുപ്പാണ്. ചില സംസ്ഥാനങ്ങളിലെ ഫലങ്ങളിൽ ബൈഡൻ ഒബാമയെ മറികടന്നു എന്നത് വിശ്വസിക്കാനാവുന്നതല്ല.’ ട്രംപ് ഞായറാഴ്ച ട്വിറ്ററിലൂെട പ്രതികരിച്ചു.

എന്നാൽ തർക്കത്തിനായുള്ള അവകാശവാദങ്ങൾ മാത്രമാണെന്ന് ട്വിറ്റർ ട്വീറ്റുകളിൽ രേഖപ്പെടുത്തി. ആദ്യമായിട്ടാണ് ഒരു രാഷ്ട്രത്തലവൻ ട്വിറ്ററിന്റെ ഇത്തരമൊരു നടപടിക്ക് വിധേയമാകുന്നത്.

തിരഞ്ഞെടുപ്പ് ഫലത്തിനെതിരായ നിയമയുദ്ധത്തിൽ ധനസമാഹരണത്തിന് ട്രംപ് പക്ഷം തുടക്കം കുറിച്ചിട്ടുണ്ട്. അമേരിക്കയെ തീവ്ര ഇടതുപക്ഷത്തുനിന്ന് രക്ഷിക്കാനാണ് ധനസമാഹാരണമെന്ന് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

അധികാരകൈമാറ്റത്തിന് സമ്മർദം വർധിച്ചു

വിൽമിങ്ടൺ: സുഗമമായ അധികാരകൈമാറ്റം സാധ്യമാക്കാൻ ജോ ബൈഡൻ സംഘവുമായി സഹകരിക്കാൻ ഡൊണാൾഡ് ട്രംപിനുമേൽ സമ്മർദമേറുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കേണ്ട ചുമതല ജനറൽ സർവീസ് അഡ്‌മിനിസ്‌ട്രേഷനാണ്. എന്നാൽ അഡ്മിനിസ്ട്രേഷനിലെ ട്രംപ് നിയമിച്ച അധികാരി എമിലി മർഫി ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയോ മാർഗനിർദേശങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ല. ഇതുവരേയും തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാത്ത ട്രംപ് അധികാരകൈമാറ്റമത്തിന് തയ്യാറാകുമോയെന്ന ചോദ്യമാണ് നിർണായകമാകുന്നത്.

തിരഞ്ഞെടുപ്പ് സത്യസന്ധം: ബൈഡനും കമലയ്‌ക്കും ആശംസകൾ അറിയിച്ച് ബുഷ്

വാഷിങ്ടൺ: അടിസ്ഥാനപരമായി സത്യസന്ധവും സമഗ്രത ഉറപ്പിക്കുന്നതുമാണ് തിരഞ്ഞെടുപ്പെന്ന് യു.എസ്. മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ്. ജോ ബൈഡനെ ഫോണിലൂടെ അഭിനന്ദനം അറിയിച്ചതായും എന്നാൽ ട്രംപിന് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനും വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെടാനുമുള്ള അവകാശമുണ്ടെന്നും ബുഷ് പ്രതികരിച്ചു.

രാജ്യത്തെ നയിക്കാനും ഏകീകരിക്കാനുമുള്ള അവസരം നേടിയെടുത്ത ബൈഡൻ നല്ല ആളാണെന്നും ബുഷ് കൂട്ടിച്ചേർത്തു.

ബൈഡനുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു -ഡബ്ല്യു.എച്ച്.ഒ.

ജനീവ: തിരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ‘തിരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനങ്ങൾ. നിങ്ങളോടും നിങ്ങളുടെ സംഘത്തോടും ഒപ്പം പ്രവർത്തിക്കാൻ ഞാനും എന്റെ സഹപ്രവർത്തകരും ആഗ്രഹിക്കുന്നു.’ ഡബ്ല്യു.എച്ച്.ഒ. തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് ട്വിറ്ററിൽ കുറിച്ചു.

കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ജീവനെയും ഉപജീവനമാർഗങ്ങളെയും സംരക്ഷിക്കുന്നതിന് ആഗോള ഐക്യദാർഢ്യത്തിന്റെ പ്രാധാന്യം തുറന്നു കാണിക്കുന്നതായും ടെഡ്രോസ് കൂട്ടിച്ചേർത്തു. പ്രസിഡന്റായി അധികാരമേറ്റതിനുപിന്നാലെ ഡബ്ല്യു.എച്ച്.ഒ.യിൽനിന്നു പിന്മാറാനുള്ള യു.എസ്. നടപടി നീക്കംചെയ്യുന്നത് അടക്കം സുപ്രധാന ഉത്തരവുകളിൽ ബൈഡൻ ഒപ്പുവെക്കുമെന്ന് ശനിയാഴ്ച വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights: Donald Trump US Election