വാഷിങ്ടൺ: കാപ്പിറ്റോളിൽ തന്റെ അനുയായികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അക്രമകാരികൾ അമേരിക്കയെ പ്രതിനിധീകരിക്കുന്നില്ലെന്നും സമാധാനപരമായ അധികാരക്കൈമാറ്റം നടപ്പാക്കുന്നതിലാണ് നിലവിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിൽനിന്ന് കൈകഴുകാനുള്ള ട്രംപിന്റെ നീക്കം ഖേദകരമെന്ന് അനുയായികൾ പ്രതികരിച്ചു. തീവ്രവലതുപക്ഷസംഘടനായ പ്രൗഡ് ബോയ്സ് അംഗങ്ങളുൾപ്പെടെ ട്രംപിന്റെ പരാമർശത്തെ ‘പിന്നിൽനിന്നേറ്റ പ്രഹരം’ എന്ന് വിശേഷിപ്പിച്ചു.

രാജ്യത്തെ ക്രമസമാധാനം നിലനിർത്തണം. എല്ലാ അമേരിക്കക്കാരെയുംപോലെ അക്രമം, അരാജകത്വം, കലാപം എന്നിവയിൽ താൻ അസ്വസ്ഥനാണ്. സംഭവം നടന്നയുടനേ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാനും നുഴഞ്ഞുയറ്റക്കാരെ പുറത്താക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചതായും വ്യാഴാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു.

കെട്ടിടത്തിൽ നുഴഞ്ഞുകയറിയ അക്രമികൾ ജനാധിപത്യത്തിന്റെ ഇരിപ്പിടങ്ങൾ അശുദ്ധമാക്കി. നിയമം കൈയിലെടുത്തവർ പിഴനൽകേണ്ടിവരുമെന്നും ദേഷ്യം നിയന്ത്രിക്കാൻ പ്രതിഷേധക്കാർക്ക് സാധിക്കണമായിരുന്നെന്നും ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ സമഗ്രത ഉറപ്പുവരുത്താൻ നിയമപരമായ എല്ലാ മാർഗങ്ങളും സ്വീകരിച്ചതായും അതിലൂടെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ് താൻ ശ്രമിച്ചതെന്നും ട്രംപ് പറഞ്ഞു.

Content Highlights: Donald Trump, US Capitol Hill Siege protests