വാഷിങ്ടൺ: പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പെൻസിൽവേനിയയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ഡൊണാൾഡ് ട്രംപ് സമർപ്പിച്ച ഹർജി ഫെഡറൽ കോടതി തള്ളി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും യോഗ്യമല്ലാത്ത നിയമപരമായ വാദഗതികളുമാണ് ഹർജിയിലെന്ന് ജില്ലാ ജഡ്ജി മാത്യു ബ്രാൻ പറഞ്ഞു.
പൗരന്മാരിൽ ഒരാളുടെ പോലും വോട്ടവകാശം നിഷേധിക്കാൻ ആർക്കും അധികാരമില്ലെന്ന് ട്രംപിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് ബ്രാൻ വ്യക്തമാക്കി. എന്നാൽ, വിധിയിൽ നിരാശരാണെന്നും സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായും ട്രംപിന്റെ അഭിഭാഷകൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് 50 ശതമാനം വോട്ടോടെ 20 ഇലക്ടറൽ വോട്ടുകളും ബൈഡൻ സ്വന്തമാക്കുകയായിരുന്നു. തപാൽവോട്ടുകളിൽ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി നവംബർ ഒമ്പതിനാണ് ട്രംപ് പക്ഷം കോടതിയെ സമീപിച്ചത്.
Content Highlights: Donald Trump US