വാഷിങ്ടൺ: അധികാരക്കൈമാറ്റത്തിനുമുമ്പേ കോവിഡ് നിയന്ത്രണപ്രവർത്തനങ്ങളിൽ സഹകരിക്കാൻ ഡൊണാൾഡ് ട്രംപ് തയ്യാറായില്ലെങ്കിൽ അമേരിക്കയിൽ ഒട്ടേറെപ്പേരുടെ ജീവൻ നഷ്ടമാകുമെന്ന് നിയുക്ത യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും ഡെല്ലാവെയറിലെ വസതിയിൽ ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു.

യു.എസിലെ 30 കോടി ജനങ്ങൾക്ക് വാക്സിൻ നൽകേണ്ടതുണ്ട്. ഇതിനു കൃത്യമായ പദ്ധതി ഉണ്ടാവണം. ലോകാരോഗ്യസംഘടനയോടും ലോകത്തോടും സഹകരിച്ച് പ്രവർത്തിക്കണം. രാജ്യത്താകമാനം വാക്സിൻ എത്തിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനായുള്ള പ്രവർത്തനങ്ങൾക്ക് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ജനുവരി 20-വരെ കാത്തിരിക്കേണ്ടിവരുന്നത് വലിയ തിരിച്ചടിനൽകും. ഇപ്പോൾ സമയം നഷ്ടപ്പെടുത്താനാകില്ല. പ്രവർത്തനങ്ങളിൽ ട്രംപ് കൂടി സഹകരിച്ചാൽ ദൗത്യം വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നും അദ്ദേഹം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതായി എല്ലാവരും പ്രഖ്യാപിച്ചിട്ടും അത് അംഗീകരിക്കാത്ത ട്രംപിന്റെ നിലപാട് തീർത്തും നിരുത്തരവാദപരമാണെന്നും ബൈഡൻ പറഞ്ഞു. രാഷ്ട്രതലവന്മാരുമായി ഫോൺ വഴിയുള്ള ചർച്ചകൾ നടത്തിവരികയാണെന്നും അറിയിച്ചു.

സാമ്പത്തികപദ്ധതി വെളിപ്പെടുത്തി

വാഷിങ്ടൺ: കോവിഡ് വ്യാപനത്തിന്റെ അനന്തരഫലങ്ങളിൽനിന്നു കരകയറാൻ ജോ ബൈഡൻ തന്റെ സാമ്പത്തികപദ്ധതി വെളിപ്പെടുത്തി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും പുതിയ സാങ്കേതികവിദ്യകളിൽ കൂടുതൽ നിക്ഷേപം അനുവദിക്കുന്നതുമാണ് പദ്ധതി. തിരഞ്ഞെടുത്ത ബിസിനസ്‌ തൊഴിൽ നേതാക്കളുമായി നടത്തിയ വെർച്വൽ യോഗത്തിനുശേഷമാണ് പ്രഖ്യാപനം.

എത്രയും പെട്ടെന്ന് ഒരു കോവിഡ് ദുരിതാശ്വാസപാക്കേജ് പാസാക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. സുതാര്യമായ നികുതിസമ്പ്രദായം കൊണ്ടുവരുമെന്നും അമേരിക്കയിൽ ഉത്പന്നങ്ങൾ നിർമിക്കാത്ത കമ്പനികൾക്ക് സർക്കാരിന്റെ കരാറുകൾ നൽകില്ലെന്നും മുന്നറിയിപ്പുനൽകി.

Content Highlights: Donald Trump Joe Biden