വാഷിങ്ടൺ: ജോ ബൈഡൻ യു.എസ്. പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ജനുവരി 20-ന് മുന്നോടിയായി രാജ്യമെങ്ങും സായുധ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗമായ എഫ്.ബി.ഐ.യുടെ മുന്നറിയിപ്പ്. സംസ്ഥാന തലസ്ഥാനങ്ങളിലും വാഷിങ്ടണിലുമാണ് ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതെന്ന് രഹസ്യവിവരം ലഭിച്ചത്.
ജനുവരി 16-ന് ആക്രമണം ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്നും 20-വരെ നീണ്ടുനിന്നേക്കുമെന്ന് എഫ്.ബി.ഐ.യെ ഉദ്ധരിച്ച് പ്രമുഖ യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് െചയ്യുന്നു.
ഓരോ സംസ്ഥാനത്തെയും സർക്കാർ കെട്ടിടങ്ങളും കോടതികളും ഉൾപ്പെടെയുള്ളവയ്ക്കെതിരേയുള്ള പ്രതിഷേധങ്ങളിൽ അണിചേരാൻ ഒരു സംഘം ആഹ്വാനം ചെയ്യുന്നതായുള്ള വിവരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് എഫ്.ബി.ഐ.യ്ക്ക് ലഭിച്ചത്.
ജനപ്രതിനിധികളെ ആക്രമിക്കാൻ പ്രതിഷേധക്കാർ ലക്ഷ്യമിടുന്നതായും റിപ്പോർട്ടുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡനുനേരെ അപായശ്രമം ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകളും എഫ്.ബി.ഐ. നിരീക്ഷിക്കുന്നുണ്ട്.
ഓൺലൈനായാണ് ഇത്തരം ആഹ്വാനങ്ങൾ പ്രചരിക്കുന്നത്. ചില ട്രംപ് അനുകൂല സംഘടനകൾ ജനുവരി 20-ന് മില്യൺ മിലീഷ്യ മാർച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ട്വിറ്റർ ആസ്ഥാനത്തിനു മുന്നിലെ പ്രക്ഷോഭം പാളി
സാൻ ഫ്രാൻസിസ്കോ: വിലക്കിനെതിരേ ട്വിറ്ററിന്റെ സാൻ ഫ്രാൻസിസ്കോയിലെ ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ട്രംപ് അനുകൂലികളുടെ ശ്രമം ജനകീയപങ്കാളിത്തം ലഭിക്കാത്തതിനെത്തുടർന്ന് പരാജയപ്പെട്ടു.
വാരാന്ത്യത്തിലാണ് വലതുപക്ഷ അനുകൂല ഫോറമായ ദ ഡോണാൾഡ് വിൻ ട്രംപ് അനുകൂലികളോട് ട്വിറ്റർ ആസ്ഥാനത്തിനുമുന്നിൽ തടിച്ചുകൂടാൻ ആഹ്വാനം ചെയ്തത്.
തുടർന്ന് വൻ പോലീസ് സന്നാഹം ഓഫീസിനു മുന്നിലെത്തി സുരക്ഷയൊരുക്കി.
എന്നാൽ, വളരെ കുറച്ച് പ്രതിഷേധക്കാർ മാത്രമാണ് സ്ഥലത്തെത്തിയത്.
Content Highlights: Donald Trump FBI