വാഷിങ്ടൺ: വൈറ്റ് ഹൗസിൽ തന്നെക്കാൾ മികച്ചൊരു സുഹൃത്ത് ഇന്ത്യയ്ക്ക് മുമ്പുണ്ടായിട്ടില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദിയെന്ന മഹാനായ സുഹൃത്തിനൊപ്പം വേദിപങ്കിടുന്നതിൽ താനേറെ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

50,000 കഠിനാധ്വാനികളായ ഇന്ത്യക്കാരോടൊപ്പം സമയംചെലവിടുന്നതിൽ തനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാളാശംസ നേരാൻ തനിക്കൊപ്പംചേരാനും ട്രംപ് സദസ്സിലുള്ളവരോട് അഭ്യർഥിച്ചു. ഇന്ത്യയ്ക്കുവേണ്ടി അസാധാരണമായ ജോലിയാണ് പ്രധാനമന്ത്രി മോദി ചെയ്യുന്നത്. മോദിയുടെ ഭരണകാലത്ത് ഇന്ത്യയിൽ ലക്ഷക്കണക്കിനുപേരെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു. അവിശ്വസനീയമായ കാര്യമാണത്.

അതിർത്തിസുരക്ഷ ഇന്ത്യയ്ക്കും യു.എസിനും ഒരുപോലെ പ്രധാനമാണ്. സ്വന്തം ജനതയുടെ സുരക്ഷയോർത്ത് നമ്മൾ അനധികൃതകുടിയേറ്റം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ഇന്ത്യയുമായി വിവിധ പ്രതിരോധക്കരാറുകളിൽ ഒപ്പുവെക്കാൻ യു.എസിന് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നുള്ളതുപോലെ ഒരുകാലത്തും ഇന്ത്യക്കാർ യു.എസിൽ നിക്ഷേപം നടത്തിയിട്ടില്ലെന്നും ഇതേപോലെ തിരിച്ചും നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

സൗഹൃദം പുതിയ ഉയരങ്ങളിൽ -മോദി

ട്രംപിന്റെ ഭരണകാലത്ത് ഇന്ത്യ-യു.എസ്. സൗഹൃദം പുതിയ ഉയരങ്ങളിലെത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസിനും ലോകത്തിനുമായി ഏറെ സംഭാവനകൾ നൽകിയ ട്രംപിനെ ചടങ്ങിലേക്കു സ്വാഗതംചെയ്യുന്നത് താൻ അംഗീകാരമായി കാണുന്നു. മഹാനായ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. ഇന്ത്യ-യു.എസ്. ഐക്യത്തിന്റെ മികച്ച തെളിവാണ് ഈ പരിപാടി. ഇത് മോദിക്കുള്ള അംഗീകാരമല്ല; മറിച്ച്, മുഴുവൻ ഇന്ത്യക്കാർക്കുമുള്ളതാണ്. 130 കോടി ഇന്ത്യക്കാരുടെ ഉത്തരവുകൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്യുന്നത്. എല്ലാർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് ഇന്ത്യയുടെ മുദ്രാവാക്യം.

നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. വൈവിധ്യമാർന്ന ഭാഷകൾ ഇന്ത്യയുടെ ജനാധിപത്യത്തെയും ഉദാരതയെയും അടയാളപ്പെടുത്തുന്നു. ഒന്നും മാറില്ലെന്ന് ചിന്തിക്കുന്നവരുടെ മനോഭാവം മാറ്റുകയെന്നതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി. ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. ഉന്നതി ലക്ഷ്യമിടുന്ന ഇന്ത്യ ഇപ്പോൾ അത്യുന്നതി കൈവരിക്കുകയാണ്. എല്ലാരംഗത്തുമുള്ള അഴിമതി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ജമ്മുകശ്മീരിന്റെ പുരോഗതിക്കായി നമ്മൾ 370-ാം അനുച്ഛേദത്തോട് വിടപറഞ്ഞു.

ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രത്തിലും മുംബൈയിലും ഭീകരാക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചത് ആരെന്ന് എല്ലാവർക്കുമറിയാമെന്നും മോദി പറഞ്ഞു.

കത്തിക്കയറി മോദി, ശ്രോതാവായി ട്രംപും

ലോകത്തിലെ ശക്തമായ നേതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന യു.എസ്. പ്രസിഡന്റിനെ മുന്നിലിരുത്തി ഇന്ത്യയുടെ നിലപാടുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുമണിക്കൂറോളംനീണ്ട ആവേശംകൊള്ളിക്കുന്ന പ്രസംഗത്തിന്റെ മുഴുനീള ശ്രോതാവായി ഡൊണാൾഡ് ട്രംപ് സദസ്സിലിരുന്നു. സർവശക്തിയുമെടുത്ത് ഭീകരതയെ നേരിടുന്ന പ്രസിഡന്റ് ട്രംപിന് എഴുന്നേറ്റുനിന്ന് കൈയടി നൽകാനും മോദി അഭ്യർഥിച്ചു. വാക്ചാതുരിയും നയചാതുരിയും ഒന്നിച്ചുചേർന്ന മോദിയുടെ പ്രസംഗം അമേരിക്കയിലെ ഇന്ത്യൻസമൂഹത്തെ ആവേശത്തിന്റെ കൊടിമുടിയിലെത്തിച്ചു.

പ്രസംഗം അവസാനിപ്പിച്ച് മോദി സദസ്സിനെ വണങ്ങി. പ്രസംഗത്തിന്റെ ആവേശം ഉൾക്കൊണ്ട ട്രംപും സഹപ്രവർത്തകരും എഴുന്നേറ്റുനിന്ന് കൈയടിച്ചു. പിന്നീട് സദസ്സിലേക്കിറങ്ങിവന്ന മോദി ട്രംപിന്റെ കൈപിടിച്ച് സദസ്സിലൂടെ നടന്നു. ഹർഷാരവങ്ങളോടെ ട്രംപിൻറെ സംഘം ഇരുവരെയും അനുഗമിച്ചു. സദസ്സ് ഇളകിമറിഞ്ഞു.

content highlights: donald trump at howdy modi