വാഷിങ്ടൺ: സി.എൻ.എന്നിന്റെയും എച്ച്.ബി.ഒ.യുടെയും ഉടമസ്ഥരായ വാർണർമീഡിയ യൂണിറ്റും ഡിസ്കവറി മീഡിയയും ലയിച്ചേക്കും. വാർണർമീഡിയയുടെ ഉടമസ്ഥരായ യു.എസ്. ടെലികമ്യൂണിക്കേഷൻ ഭീമൻ എ.ടി. ആൻഡ് ടി. ഇതുസംബന്ധിച്ച് ഉടൻ പ്രഖ്യാപനം നടത്തുമെന്ന് സി.എൻ.ബി.സി. റിപ്പോർട്ട് ചെയ്തു. വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

2018-ലാണ് എ.ടി. ആൻഡ് ടി 8000 കോടി ഡോളറിന് ടൈം വാർണർ വാങ്ങി വാർണർമീഡിയ എന്ന് പേരുമാറ്റിയത്. എച്ച്.ബി.ഒ., വാർണർ ബ്രദേഴ്‌സ് സ്റ്റുഡിയോകൾ, സി.എൻ.എൻ. പോലുള്ള കേബിൾ ചാനലുകൾ തുടങ്ങിയവ വാർണർ മീഡിയയുടെ കീഴിലാണ്.

കോവിഡ് കാലത്ത് ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ച നെറ്റ്ഫ്ളിക്സ്, ഡിസ്‌നി പ്ലസ് തുടങ്ങിയവയുമായി മത്സരിക്കത്തക്ക വിധത്തിൽ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കാൻ ലയനത്തോടെ കമ്പനികൾക്കാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. യൂറോസ്പോർട്ടിൻറെ ഉടമസ്ഥരായ ഡിസ്കവറിക്ക് 220 രാജ്യങ്ങളിൽ ചാനലുകളുണ്ട്. 2020-ൽ വാർണർ മീഡിയയുടെ മൊത്തം വിറ്റുവരവ്‌ 3040 കോടി ഡോളറായിരുന്നു. ഡിസ്കവറിയുടേത് 1070 കോടി ഡോളറും. 

Content Highlight:  Discovery and WarnerMedia merge