ഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍, ബാലറ്റ് പേപ്പറിലൂടെത്തന്നെ ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. വെര്‍ജീനിയ, ന്യൂ ജെഴ്‌സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ തോറ്റു.

വെര്‍ജീനിയ ഗവര്‍ണര്‍ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ റാല്‍ഫ് നോര്‍ത്താം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എഡ് ഗില്ലസ്​പിയെ ഒമ്പത് ശതമാനം വോട്ടിനു തോല്‍പ്പിച്ചു. ന്യൂ ജെഴ്‌സി ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഫില്‍ മര്‍ഫി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ക്രിസ് ക്രിസ്റ്റിയെ 13 ശതമാനം വോട്ടിന് പരാജയപ്പെടുത്തി. എട്ടുവര്‍ഷം ഗവര്‍ണര്‍ പദവിയലങ്കരിച്ച ക്രിസ്റ്റി, ഒരുകാലത്ത് ട്രംപിന്റെ അടുപ്പക്കാരനായിരുന്നു. ന്യൂയോര്‍ക്ക് മേയറായി ബില്‍ ഡി ബ്ലാസിയോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ചരിത്രത്തിലാദ്യമായി വെര്‍ജീനിയ നിയമസഭയില്‍ ഭിന്നലൈംഗികവ്യക്തി അംഗമായി. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഡാനിക്ക റോമാണ് (33) ചരിത്രം രചിച്ചത്. വെര്‍ജീനയയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍, അറ്റോര്‍ണി ജനറല്‍ സ്ഥാനങ്ങളിലേക്കും ഡെമോക്രാറ്റുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. നൂറംഗ പ്രതിനിധിസഭയിലെ ഭൂരിഭാഗം സീറ്റുകളും ഇവര്‍ കൈയടക്കുകയും ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സംസ്ഥാന നിയമസഭയുടെ നിയന്ത്രണം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.

2018-ലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനും 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും തയ്യാറെടുക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഊര്‍ജം നല്‍കുന്ന ജയമാണിത്. മര്‍ഫിയും നോര്‍ത്താമും തങ്ങളുടെ ജയം ട്രംപ് നടത്തുന്ന ധ്രുവീകരണത്തിനെതിരായ ജയമായി വിലയിരുത്തി. അമേരിക്കന്‍ മൂല്യങ്ങളുടെ ഹിതപരിശോധനയാണ് തിരഞ്ഞെടുപ്പില്‍ നടന്നതെന്ന് ഡെമോക്രാറ്റിക് ദേശീയസമിതി ചെയര്‍മാന്‍ ടോം പെരെസ് പറഞ്ഞു.

തിരഞ്ഞെടുപ്പ് തോല്‍വിയോട് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു. യു.എസ്. സമ്പദ്വ്യവസ്ഥ നല്ലനിലയിലാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജയം തുടരുമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യന്‍വംശജന്‍ മേയര്‍

ന്യൂയോര്‍ക്ക്:
ന്യൂ ജെഴ്‌സിയിലെ തിരഞ്ഞെടുപ്പില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ വിജയികളായി. രവി ഭല്ല, ഫാല്‍ഗുനി പട്ടേല്‍ എന്നിവരാണ് ജയിച്ചത്. ഭല്ല ന്യൂജെഴ്‌സി ടൗണ്‍ മേയറായാണ് തിരഞ്ഞെടുക്കപ്പെട്ടത്. എഡിസണ്‍ ടൗണ്‍ഷിപ്പ് സ്‌കൂള്‍ ബോര്‍ഡിലേക്ക് പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടു. വ്യാപകമായ വിദ്വേഷപ്രചാരണത്തെ അതിജീവിച്ചാണ് ഇരുവരുടെയും ജയം.