വാഷിങ്ടൺ: കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ ‘ആശങ്കയുടെ വകഭേദ’ങ്ങളുടെ വിഭാഗത്തിൽപ്പെടുത്തി യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. ഇവ അതിവേഗത്തിൽ രോഗവ്യാപനത്തിനു കാരണമാകുന്നതായും ചില ആന്റിബോഡി ചികിത്സകളെ നിർവീര്യമാക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് നടപടി.

ജൂൺ അഞ്ചുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 9.9 ശതമാനത്തിനും കാരണം ഡെൽറ്റ വകഭേദമാണ്. എന്നാൽ, ജൂൺ 13-ഓടെ ഇതു 10.3 ശതമാനമായി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരുമാസത്തിനകം രാജ്യത്തെ പ്രധാന വൈറസായി ഡെൽറ്റ മാറിയേക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.

ഡെൽറ്റയ്ക്കുപുറമേ ആൽഫ, ബീറ്റ, ഗാമ, എപ്‌സിലൺ ഉൾപ്പെടെയുള്ളവയേയും ആശങ്കകളുടെ വകഭേദങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇതുവരെ ‘ശ്രദ്ധിക്കേണ്ട വൈറസ്’ എന്ന വിഭാഗത്തിലാണ് ഡെൽറ്റയെ യു.എസ്. കണക്കാക്കിയിരുന്നത്.

ലോകാരോഗ്യസംഘടനയും നേരത്തേ ഡെൽറ്റയെ ‘ആശങ്കയുടെ വകഭേദ’മെന്ന് വിശേഷിപ്പിച്ചിരുന്നു. നിലവിൽ യു.എസിൽ രോഗവ്യാപനം കുറയുന്നുണ്ട്. എന്നാൽ, വാക്സിൻവിതരണത്തിന്റെ വേഗക്കുറവും വകഭേദങ്ങളും ആശങ്കയുണർത്തുന്നുണ്ട്. രാജ്യത്ത് ഇതുവരെ 3,34,98,155 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 6,00,649 പേർ മരിച്ചു.

ബ്രിട്ടനിൽ രോഗവ്യാപനം 11 ദിവസത്തിൽ ഇരട്ടിയാകുന്നതായി പഠനം

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഓരോ 11 ദിവസത്തിലും ഇരട്ടിയാകുന്നതിന് ഡെൽറ്റ വകഭേദം കാരണമാകുന്നതായി പഠനം. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. മേയ് 20-നും ജൂൺ ഏഴിനും ഇടയിൽ വീടുകൾ കേന്ദ്രീകരിച്ചുനടത്തിയ ഒരുലക്ഷം പരിശോധനകളാണ് ഗവേഷണത്തിന്റെ ഭാഗമായി അവലോകനംചെയ്തത്.

“ശരാശരി 11 ദിവസത്തിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നതായി കാണുന്നു, ഇത് ഡെൽറ്റ വകഭേദം ശക്തമാകുന്നതിന്റെ സൂചനയാണ്. രോഗവ്യാപനത്തിന്റെ തോതും വകഭേദങ്ങളെക്കുറിച്ചും നിരീക്ഷണം തുടരേണ്ടതുണ്ട്” -ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ പോൾ എലിയട്ട് പറഞ്ഞു.

വൈറസുകളുടെ പ്രത്യുത്പാദനശേഷി വർധിച്ചതായും പഠനം കണ്ടെത്തുന്നു. ഇതോടെ കോവിഡ്ബാധിതരായ പത്തുപേരിൽനിന്ന്‌ ശരാശരി 14 പേർക്ക് രോഗം ബാധിക്കുന്നു. കുട്ടികളിലും യുവാക്കളിലും രോഗബാധ വർധിക്കുന്നതായും പഠനം വ്യക്തമാക്കുന്നു.

രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നത് ഒരുമാസംകൂടി വൈകുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനത്തിന്‌ തൊട്ടുപിന്നാലെയാണ് പഠനം പുറത്തുവന്നത്.