ന്യൂയോർക്ക്: ഡെൽറ്റ വകഭേദം വ്യാപിക്കുന്ന യു.എസിൽ രോഗികളുടെ എണ്ണവും ആശുപത്രി വാസവും വർധിക്കുന്നു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം ആറു മാസത്തെ ഉയർന്ന നിരക്കിലെത്തി.

തിങ്കളാഴ്ച 1,02,375 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെക്കാൾ 35 ശതമാനം കൂടി. ലൂയിസിയാന, ഫ്ളോറിഡ, അർക്കെൻസ സംസ്ഥാനങ്ങളിലാണ് രോഗബാധ കൂടുതൽ. അർക്കെൻസയിൽ ആശുപത്രിവാസം 40 ശതമാനവും മരണനിരക്ക് 18 ശതമാനവും വർധിച്ചു. രാജ്യവ്യാപകമായി രോഗം ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

*ചൈന- പ്രതിദിന രോഗികളുടെ എണ്ണം വർധിച്ചു. ചൊവ്വാഴ്ച 143 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 108 പേർക്കും പ്രാദേശികമായ സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.

*ബ്രിട്ടൻ-ശരാശരി 25,000-ത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. മരണവും കൂടി. 468 പേർ കഴിഞ്ഞയാഴ്ച രോഗബാധിതരായി മരിച്ചു. 12 ലക്ഷത്തോളം പേർ ചികിത്സ തേടുന്നുണ്ട്.

*ഫ്രാൻസ്- നാലാംതരംഗം ശക്തം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചു. 20,000-ത്തിൽ അധികം പേർക്ക് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നു. ഫ്രാൻസിലേക്കുള്ള യാത്ര ഒഴിവാക്കാൻ യു.എസ്. തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകി.

*ഇസ്രയേൽ- രോഗികളുടെ എണ്ണം ഒന്പതു ലക്ഷം കടന്നു. തിങ്കളാഴ്ച 4,954 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ ജനസംഖ്യയുടെ 62.3 ശതമാനത്തിനും വാക്സിൻ നൽകിയിട്ടും രോഗബാധ വർധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

കാനഡ- മാസങ്ങൾക്കുശേഷം തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 3000 കടന്നു. 3,344 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.

ബ്രസീൽ- രോഗബാധിതർ രണ്ടു കോടി കടന്നു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. 12,437 പേർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 438 പേർ മരിച്ചു.

Content Highlight: Delta variant pushes us cases