ന്യൂഡൽഹി/ലണ്ടൻ: ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയിൽത്തന്നെയുണ്ടെന്ന് റിപ്പോർട്ട്. ‘സീ ന്യൂസാ’ണ് ഇക്കാര്യം തെളിയിക്കുന്ന ദാവൂദിന്റെ പുതിയചിത്രം പുറത്തുവിട്ടത്. രഹസ്യാന്വേഷണ ഏജൻസികളുടെ കൈവശമുള്ള ചിത്രത്തിൽ ദാവൂദും ഏറ്റവും വിശ്വസ്തനായ അനുയായി ജാബിർ മോട്ടിവാലയുമാണുള്ളത്.

ദാവൂദിന്റെ അധോലോകസംഘമായ ഡി-കമ്പനിയുടെ വിദേശരാജ്യങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നയാളാണ് ജാബിർ. 1993-ലെ മുംബൈ സ്ഫോടനപരമ്പരയുടെ ആസൂത്രകനാണ് ദാവൂദ്. ഇയാൾ തങ്ങളുടെ രാജ്യത്തില്ലെന്നായിരുന്നു പാക് വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസംകൂടി അറിയിച്ചിരുന്നത്. സ്ഫോടനപരമ്പരയ്ക്കുശേഷം ഒളിവിൽക്കഴിയുന്ന ദാവൂദ്, അടുത്ത അനുയായി ജാബിർ മോട്ടിവാലയുമായി സംസാരിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്.

ദാവൂദ് ഇബ്രാഹിം രോഗബാധിതനാണെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന റിപ്പോർട്ടുകൾ. കാൽമുട്ടിന് ഗുരുതരരോഗം ബാധിച്ചെന്നും പറഞ്ഞിരുന്നു. എന്നാൽ, പുതിയ ഫോട്ടോയിൽ പൂർണ ആരോഗ്യത്തോടെയുള്ള ദാവൂദ് ഇബ്രാഹിം ആണുള്ളത്. കറാച്ചിയിലെ ക്ലിഫ്ടൻ ഹൗസിലെ ദാവൂദിന്റെ വീടിനോടുചേർന്നുതന്നെയാണ് മോട്ടിവാലയും താമസിക്കുന്നത്. ദാവൂദിന്റെ ഭാര്യ മെഹ്‌ജാബിൻ, മകൻ മൊയിൻ നവാസ് എന്നിവരുമായി മോട്ടിവാല കുടുംബപരമായ ബന്ധം പുലർത്തുന്നുണ്ടെന്നും അന്വേഷണ ഏജൻസികൾ പറയുന്നു.

മയക്കുമരുന്നുകടത്ത്, കള്ളപ്പണം, ഭീഷണിപ്പെടുത്തി പണം പിരിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ. ചുമത്തിയ കേസിൽ മോട്ടിവാലയെ ബ്രിട്ടനിലെ സ്കോട്ട്‌ലൻഡ് യാർഡ് പോലീസ് 2018 ഓഗസ്റ്റ് 17-ന് അറസ്റ്റുചെയ്തിരുന്നു. ഇയാളെ വിചാരണയ്ക്കായി യു.എസിന് വിട്ടുനൽകണമെന്ന് എഫ്.ബി.ഐ. ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ദാവൂദ് പാകിസ്താനിലുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയിൽ ബോധിപ്പിച്ചത്. ഇക്കാര്യം ജാബിർ വെളിപ്പെടുത്തിയെന്നാണ് എഫ്.ബി.ഐ. പറയുന്നത്. ഈ സാഹചര്യത്തിൽ അന്വേഷണത്തിൽ സഹകരിക്കാനിരിക്കുകയാണ് ഇന്ത്യൻ ഏജൻസികൾ.

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ.യ്ക്ക് ഡി-കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ഇന്ത്യൻ ഏജൻസികൾ കരുതുന്നത്. മോട്ടിവാലയാണ് ഇതിന്റെ പ്രധാന കണ്ണി. പാകിസ്താനിലെ ഭീകരസംഘടനകളുമായും മോട്ടിവാലയ്ക്ക് ബന്ധമുണ്ട്. നേരത്തേ ഇയാൾ ഇടയ്ക്കിടെ പാകിസ്താനിലെത്തിയിരുന്നു.

പത്തുവർഷത്തെ വിസയിലാണ് മോട്ടിവാല ബ്രിട്ടനിൽ തുടരുന്നത്. അതിന്റെ കാലാവധി 2028-ൽ അവസാനിക്കും. ആന്റിഗയിൽനിന്ന് തനിക്കും കുടുംബത്തിനും പൗരത്വസർട്ടിഫിക്കറ്റ് സംഘടിപ്പിക്കാനാണ് ഇപ്പോൾ ഇയാൾ ശ്രമിക്കുന്നത്. ദുബായിലെ ഒരുകമ്പനിയിൽ ഇയാൾ 20 ലക്ഷം യു.എസ്. ഡോളർ നിക്ഷേപിച്ചിട്ടുമുണ്ട്.

മോട്ടിവാലയെ രക്ഷപ്പെടുത്താൻ ലണ്ടനിലെ പാക് സ്ഥാനപതികാര്യാലയം രംഗത്തെത്തിയതായും റിപ്പോർട്ട് പറയുന്നു. മോട്ടിവാല ബഹുമാന്യനായ വ്യവസായിയാണെന്നും ഡി-കമ്പനിയുമായി ഇയാൾക്ക് ബന്ധമൊന്നും ഇല്ലെന്നും പാക് സ്ഥാനപതികാര്യാലയം യു.കെ.യിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയെ അറിയിച്ചിട്ടുണ്ട്. ദാവൂദിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജാബിർ പുറത്തുവിടുമോ എന്നതാണ് പാകിസ്താനെ ഭയപ്പെടുത്തുന്നത്.

Content Highlights: Dawood Ibrahim is in Pakistan