നയ്‌റോബി: ബ്രിട്ടീഷ് എം.പി. സർ ഡേവിഡ് ആമെസിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. സൊമാലിയൻ മുൻ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേശകനായിരുന്ന ഹർബി അലി കുല്ലാനെയുടെ മകൻ അലി ഹർബി അലി (25)യാണ് അറസ്റ്റിലായത്. അലിയുടെ വടക്കൻ ലണ്ടനിലെ വീട്ടിൽ പോലീസ് തിരച്ചിൽ നടത്തി.

2017-’20 കാലത്ത് സൊമാലിയയുടെ പ്രധാനമന്ത്രിയായിരുന്ന ഹസ്സൻ അലി ഖൈറിന്റെ ഉപദേശകനായിരുന്നു കുല്ലാനെ. സൊമാലിയൻ സർക്കാരിന്റെ മാധ്യമ ആശയവിനിമയ വകുപ്പിലെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അലിയുടെ അറസ്റ്റ് ഹർബി അലി കുല്ലാനെയും സ്ഥിരീകരിച്ചു. എന്നാൽ, അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് നിയോജകമണ്ഡലത്തിലെ വോട്ടർമാരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനിടെ കൺസർവേറ്റീവ് പാർട്ടി എം.പി. ഡേവിഡ് ആമെസ് കുത്തേറ്റു മരിച്ചത്. നടന്നത് ഭീകരാക്രമണമാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.

content highlights: David Amess was stabbed by somalia's former pm's advisor's son