ധർമശാല/ ബെയ്ജിങ്: തന്റെ പിൻഗാമി ഇന്ത്യയിൽനിന്നായിരിക്കാമെന്ന് ടിബറ്റൻ ആത്മീയനേതാവ് ദലൈ ലാമ. തനിക്കുശേഷം ചൈന ഉയർത്തിക്കൊണ്ടുവരുന്ന പിൻഗാമിയെ വിശ്വാസികൾ അംഗീകരിച്ചേക്കില്ലെന്നും 14-ാമത്തെ ദലൈലൈമ മുന്നറിയിപ്പ് നൽകുന്നു.

ടിബറ്റിൽ ചൈനയുടെ അധിനിവേശത്തെ തുടർന്ന് 1959-ൽ ലാസയിൽ നിന്ന് ദലൈലാമ ഉൾപ്പെടുന്ന സംഘം ഇന്ത്യയിലേക്ക് പലായനം ചെയ്തതിന്റെ 69-ാം വാർഷികവേളയിൽ റോയിട്ടേഴ്സ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് 83-കാരനായ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

‘‘ദലൈലാമയുടെ പുനരവതാരത്തിന് ചൈന ഏറെ പ്രാധാന്യമാണ് നൽകുന്നത്. തന്നെക്കാൾ അവർ പ്രാധാന്യം നൽകുക അടുത്ത ദലൈലാമയ്ക്കാണ്. ഭാവിയിൽ നിങ്ങൾക്ക് രണ്ട് ദലൈലാമമാരെ കാണാൻ കഴിഞ്ഞേക്കും. ഒരാൾ സ്വതന്ത്രരാജ്യത്തുനിന്നുള്ളതും മറ്റൊരാൾ ചൈന തിരഞ്ഞെടുത്തും. ചൈന തിരഞ്ഞെടുക്കുന്ന ദലൈലാമയെ ആരും ബഹുമാനിക്കുകയോ വിശ്വസിക്കുകയോ ചെയ്യില്ല’’ -അദ്ദേഹം പറഞ്ഞു.

ടിബറ്റുകാരുടെ വിശ്വാസപ്രകാരം അവരുടെ ആത്മീയ നേതാവ് ദലൈലാമ മരിച്ചാൽ ആത്മാവ് മറ്റൊരു ശരീരം സ്വീകരിച്ച് വീണ്ടും ജനിക്കും. എന്നാൽ, ആത്മീയനേതാവിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള അവകാശം തങ്ങൾക്കുണ്ടെന്നാണ് ചൈന പറയുന്നത്. ചൈനീസ് സാമ്രാജ്യങ്ങളുടെ കാലത്തുപോലും ഇതായിരുന്ന കീഴ്‌വഴക്കമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. പതിന്നാലാമത് ദലൈലാമയെ വിഘടനവാദിയായാണ് ചൈന കാണുന്നത്.

1935-ലാണ് ഇപ്പോഴത്തെ ദലൈലാമ ജനിച്ചത്. രണ്ടുവയസ്സുള്ളപ്പോഴാണ് മുൻ ദലൈലാമയുടെ പിൻഗാമിയായി സ്ഥിരീകരിക്കുന്നത്. നിലവിൽ 60 ലക്ഷത്തോളം വരുന്ന ടിബറ്റൻ ബുദ്ധമത വിശ്വാസികൾ അവരുടെ നേതൃസ്ഥാനത്ത് കാണുന്നത് ഇദ്ദേഹത്തെയാണ്. ഈ പദവിയാണ് ചൈനയെ അസ്വസ്ഥമാക്കുന്നത്.

ജന്മനാട്ടിൽനിന്നുള്ളവരും പലായനും ചെയ്തവരുമായ ടിബറ്റുകാർ തമ്മിൽ ബന്ധം ശക്തമാണെന്നും ദലൈലാമ പറയുന്നു. ഈ ഒരു രീതി തുടരണമോ എന്നത് ഈവർഷാവസാനം ഇന്ത്യയിൽ ചേരുന്ന ടിബറ്റൻ ബുദ്ധമതക്കാരുടെ യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ചൈനയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അധികാരം തങ്ങൾക്കെന്ന് ചൈന

അതേസമയം, പിൻഗാമി ഇന്ത്യയിൽ നിന്നായിരിക്കുമെന്ന ദലൈലാമയുടെ അവകാശവാദം ചൈന തള്ളി. അതിനുള്ള അധികാരം ചൈനയ്ക്കാണെന്നും ടിബറ്റിലെ ബുദ്ധമതവിശ്വാസികൾ പിൻതുടരുന്ന പുനരവതാര ചടങ്ങുകളാണ് നടക്കുകയെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെങ് ഷ്വാങ് പറഞ്ഞു.