ബെയ്ജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ 1959-ല്‍ ഇന്ത്യയിലേക്കുകടന്നത് സായുധവിപ്ലവം പരാജയപ്പെട്ടതിനെത്തുടര്‍ന്നെന്ന് ചൈന. ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ വന്‍നാശമുണ്ടാക്കി ചൈന നടത്തിയ സൈനികനീക്കത്തില്‍ ജീവന്‍രക്ഷിക്കാന്‍ രാജ്യം വിടുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു എന്ന് ഞായറാഴ്ച അസം സന്ദര്‍ശനത്തിനിടെ ദലൈലാമ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

'പതിന്നാലാം ലാമ ൈചനാവിരുദ്ധ വിഘടനവാദിയാണെന്നത് സുവിദതമാണ്. ജന്മിമാരുടെ സഹായത്തോടെ നടത്തിയ സായുധവിപ്ലവം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ലാമ രാജ്യത്തുനിന്ന് കടന്നുകളഞ്ഞത്. ലാമയെയും അദ്ദേഹത്തിന്റെ വിഘടനവാദ പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്ന രാജ്യങ്ങളെ ചൈനീസ് സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കു'മെന്നും ചൈന പ്രസ്താവനയില്‍ പറഞ്ഞു.

58 വര്‍ഷംമുമ്പ് അരുണാചല്‍പ്രദേശിലെ തവാങ്ങിലെത്തിയ തന്നെ ഇരുകൈയും നീട്ടിയാണ് ഇന്ത്യ സ്വീകരിച്ചതെന്നും അത് സ്വാതന്ത്ര്യത്തിന്റെ നിമിഷമായിരുന്നെന്നും ലാമ പറയുകയുണ്ടായി. ചൈനയുടേതെന്ന് അവര്‍ അവകാശപ്പെടുന്ന അരുണാചല്‍പ്രദേശ് അദ്ദേഹം സന്ദര്‍ശിക്കുന്നത് ഇരുരാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്ന് ചൈന ഇന്ത്യക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നാലിന് ദലൈലാമ തവാങ് സന്ദര്‍ശിക്കും.