ധാക്ക: ഒഡിഷയ്ക്കുപിന്നാലെ ബംഗ്ലാദേശിലും ഫോനി ചുഴലിക്കാറ്റ് കനത്തനാശം വിതച്ചു. ശക്തമായ കാറ്റിലും മഴയിലും ബംഗ്ലാദേശിൽ ശനിയാഴ്ച 14 പേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റു.

ശനിയാഴ്ചയാണ് കാറ്റ് ബംഗ്ലാദേശ് തീരം തൊട്ടത്. 16 ലക്ഷത്തോളം പേരെ 4000 സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ പറഞ്ഞു.

നോഖലി, ഭോല, ലക്ഷ്മിപുർ, പത്തുവാഖലി, ബാഗർഹട്ട്, കിഷോർഗൻജ്, നെട്രോകോന, ബ്രാമൺബരിയ എന്നീ എട്ട് ജില്ലകളിലാണ് ഫോനി കൂടുതൽ നാശം വിതച്ചത്. 16 തീരദേശ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 500-ലേറെ വീടുകൾ തകർന്നു.

കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതും ഈ ജില്ലകളിൽനിന്നാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്തു. രണ്ടുവയസ്സുകാരനും നാല് സ്ത്രീകളും മരിച്ചവരിൽപ്പെടുന്നു. നോഖലിയിൽ കെട്ടിടം തകർന്നുവീണാണ് രണ്ടുവയസ്സുകാരനായ മുഹമ്മദ് ഇസ്‍മായിൽ മരിച്ചത്. 30-ലേറെപ്പേർക്ക് പരിക്കേറ്റു.

വൈദ്യുതി, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. 12 വിമാനസർവീസുകൾ റദ്ദാക്കി.

അതേസമയം, കാറ്റിന്റെ ശക്തി ക്ഷയിച്ചതായി അധികൃതർ പറഞ്ഞു. മണിക്കൂറിൽ 90 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. വെള്ളിയാഴ്ച ഒഡിഷയിൽ കരതൊട്ടതോടെ ഫോനി അതിതീവ്ര ന്യൂനമർദമായി മാറിയിരുന്നു.

Content highlights: Cyclone Fani, Bangladesh