കാബൂൾ: നീണ്ട ഇടവേളകൾക്കുശേഷം അഫ്ഗാനിസ്താനിലെ സർവകലാശാലകളിൽ ക്ലാസുകൾ പുനരാരംഭിച്ചു. ക്ലാസുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും കർട്ടനിട്ട് വേർതിരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ ആമാജ് ന്യൂസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ക്ലാസുകൾ തുടങ്ങുന്നതിനു മുമ്പ് വിദ്യാർഥികൾക്ക് കർശനമായ നിർദേശങ്ങൾ താലിബാൻ നൽകിയിരുന്നു.

പെൺകുട്ടികൾ മുഖംമറയ്ക്കണം. ആൺകുട്ടികളുമായി ഇടകലരുന്ന ഒരു സാഹചര്യവും സർവകലാശാലകളിൽ ഉണ്ടാകാൻ പാടില്ല. ഇടയിൽ ഒരു മറ ഉണ്ടായിരിക്കണം. പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപികമാരെ നിയമിക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രായം കൂടുതലുള്ളവരെ അധ്യാപകരായി നിയമിക്കണം എന്നീ നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് താലിബാൻ വിദ്യാഭ്യാസ വിഭാഗം ശനിയാഴ്ച പുറത്തുവിട്ടിരുന്നു.

ജീവനക്കാർക്കുള്ള സുരക്ഷ താലിബാൻ ഉറപ്പുനൽകി -യു.എൻ.

യുണൈറ്റഡ് നേഷൻസ്: അഫ്ഗാനിസ്താനിൽ സഹായ പ്രവർത്തനങ്ങൾക്കെത്തുന്ന ജീവനക്കാർക്ക് സുരക്ഷ നൽകുമെന്ന് താലിബാൻ ഉറപ്പുനൽകിയതായി ഐക്യരാഷ്ട്രസഭ (യു.എൻ.). സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പാക്കുമെന്നും താലിബാൻ വ്യക്തമാക്കിയതായി യു.എൻ. വക്താവ് സ്റ്റീഫെയ്ൻ ദുജാറിക് വ്യക്തമാക്കി. യു.എൻ. സഹകരണങ്ങൾ വാഗ്ദാനം ചെയ്തതായി താലിബാൻ വക്താവ് സുഹൈൽ ഷഹീനും പ്രതികരിച്ചു. ഞായറാഴ്ചയാണ് താലിബാൻ സഹസ്ഥാപകൻ മുല്ലാ ബരാദർ അടക്കമുള്ള നേതാക്കളുമായി യു.എൻ. സംഘം കൂടിക്കാഴ്ച നടത്തിയത്. അതിനിടെ ജർമനിയിൽനിന്ന്‌ നിക്ഷേപം സ്വീകരിക്കാൻ തയ്യാറാണെന്ന് താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഐ.എസിനെതിരേ പോരാടാൻ ആഹ്വാനംചെയ്ത് താലിബാൻ പ്രവിശ്യാ ഗവർണർ

ജലാലാബാദ്: ഐ.എസ്. ഭീകരർക്കെതിരായ പോരാട്ടം തുടരണമെന്ന് താലിബാന്റെ നങ്കർഹർ പ്രവിശ്യാ ഗവർണർ മുല്ലാ നേദ മുഹമ്മദ്. 80-ഓളം ഐ.എസ്. ഭീകരരെ പ്രവിശ്യയുടെ നിയന്ത്രണം പിടിച്ചെടുത്ത ഓഗസ്റ്റിനുശേഷം അറസ്റ്റു ചെയ്തതായും കൂടുതൽ പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും മുഹമ്മദ് വ്യക്തമാക്കി. ഐ.എസിനെ വെല്ലുവിളിയായി കണക്കാക്കുന്നില്ലെന്നും അവരെ തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ച്ശീർ ഏറ്റുമുട്ടലിൽ പ്രതിരോധസേനാ വക്താവ് കൊല്ലപ്പെട്ടു

കാബൂൾ: പഞ്ച്ശീറിൽ താലിബാൻ ആക്രമണത്തിനിടെ പ്രതിരോധസേനാ വക്താവ് ഫാഹിം ദാസ്തി കൊല്ലപ്പെട്ടു. “മരിക്കുകയാണെങ്കിൽ അവസാനനിമിഷംവരെ രാജ്യത്തിനായി നിലകൊണ്ട ആളുകളെന്ന നിലയിലാകും ചരിത്രത്തിൽ രേഖപ്പെടുത്തുക”- ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. ജാമിയത്ത്-ഇ-ഇസ്‌ലാമി പാർട്ടിയിലെ മുതിർന്ന നേതാവും അഫ്ഗാൻ മാധ്യമപ്രവർത്തക ഫെഡറേഷനിൽ അംഗവുമായിരുന്നു ഫാഹിം ദാസ്തി. താലിബാൻ സർക്കാരിൻറെ ഭാഗമാകാനുള്ള വാഗ്ദാനം തള്ളിയ ഫാഹിം പോരാട്ടം തുടരുമെന്ന് വ്യക്തമാക്കുകയായിരുന്നു.