സിങ്കപ്പൂർ/ന്യൂഡൽഹി: ഇറാനുമേൽ അമേരിക്ക നവംബർ നാലുമുതൽ ഉപരോധം ശക്തമാക്കുന്ന സാഹചര്യത്തിൽ അടുത്തമാസം സൗദി അറേബ്യയിൽനിന്ന് ഇന്ത്യയിലെ എണ്ണക്കമ്പനികൾ 40 ലക്ഷം ബാരൽ എണ്ണ അധികം വാങ്ങും. ഇറാനിൽ നിന്നുള്ള ഇറക്കുമതി ഇല്ലാതായാൽ കൂടുതൽ എണ്ണ നൽകാൻ സൗദി തയ്യാറാണെന്നതിനുള്ള സൂചനയുമാണിത്. ചൈന കഴിഞ്ഞാൽ ഇറാനിൽനിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്.

റിലയൻസ്, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികൾ 10 ലക്ഷം ബാരലുകൾ അധിക എണ്ണയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനിൽനിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കുമെന്ന് പല എണ്ണക്കമ്പനികളും നേരത്തേ സൂചിപ്പിച്ചിരുന്നു. സൗദിയിൽനിന്ന് മാസംതോറും 250 ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.