മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ കുപ്രസിദ്ധ കുറ്റവാളി എല്‍ കലിമ്പ എന്ന ജീസസ് മാര്‍ട്ടിന്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാകുന്നതിനിടെ കൊല്ലപ്പെട്ടു. പോലീസിനെ കബളിപ്പിക്കാന്‍ മുഖത്തിന്റെ രൂപംമാറുന്നതിനും വിരലടയാളം മായ്ക്കുന്നതിനുമുള്ള ശസ്ത്രക്രിയക്കിടെ മെക്‌സിക്കന്‍ നഗരമായ പ്യൂബയിലാണ് സംഭവം.

ഇന്ധനമോഷണസംഘത്തിന്റെ തലവനായ ജീസസ് മാര്‍ട്ടിനെ ക്ലിനിക്കില്‍ അതിക്രമിച്ചുകയറിയ അജ്ഞാതര്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കവര്‍ച്ചാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് ഏറ്റുമുട്ടലെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ ആസ്​പത്രി അധികൃതര്‍ക്കും പങ്കുണ്ടോ എന്നത് പോലീസ് അന്വേഷിക്കുകയാണ്.

പൈപ്പുകളിലൂടെ കൊണ്ടുപോവുന്ന ഇന്ധനം മോഷ്ടിക്കുന്ന വലിയൊരുസംഘം മാര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പെമെക്‌സ് ഓയില്‍ക്കമ്പനിയുടെ പൈപ്പ് ലൈനില്‍നിന്നാണ് മോഷണം. പ്യൂബ കേന്ദ്രീകരിച്ചാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മയക്കുമരുന്നുകച്ചവടം കഴിഞ്ഞാല്‍ മെക്‌സിക്കോയിലെ ഏറ്റവും വ്യാപകമായ സംഘടിത കുറ്റകൃത്യമാണ് ഇന്ധനമോഷണം. ഇന്ധനമോഷണത്തിനുള്ള ശിക്ഷ അടുത്തിടെ മെക്‌സിക്കന്‍ കോണ്‍ഗ്രസ് 25 വര്‍ഷമാക്കിയിരുന്നു.

പോലീസിനെയും എതിരാളികളെയും കബളിപ്പിക്കാന്‍ കുറ്റവാളികള്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാകുന്നത് മെക്‌സിക്കോയില്‍ പുതിയസംഭവമല്ല. മയക്കുമരുന്ന് സംഘത്തലവന്‍ അമാഡോ കരില്ലോ 1997-ല്‍ ഇത്തരമൊരു ശസ്ത്രക്രിയയെത്തുടര്‍ന്ന് മരിക്കുകയുംചെയ്തു. ഇടയ്ക്കിടെ മുഖംമാറി നടന്ന കുപ്രസിദ്ധ അധോലോക കുറ്റവാളി എല്‍ ചാപ്പോ എന്ന ജോക്കിം ഗുസ്മാനെ 2014-ലാണ് പോലീസ് പിടികൂടിയത്.