ഇസ്‍ലാമാബാദ്: ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിക്കും(സി.പി.ഇ.സി.) അതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ചൈനീസ് പൗരൻമാർക്കും സംരക്ഷണത്തിനായി പാകിസ്താനിൽ പ്രത്യേകസേന. 9000 പാക് സൈനികരെയും 6000 അർധസൈനികരെയും ഉൾപ്പെടുത്തിയാണ് പ്രത്യേക സുരക്ഷാസേന (എസ്.എസ്.ഡി.) രൂപവത്കരിക്കുന്നത്.

പാക് സൈനികവക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക ഇടനാഴിക്കുകീഴിലെ പല സുപ്രധാനപദ്ധതികളും നടപ്പാക്കുന്ന ബലൂചിസ്താനിലെ ഗദ്വാർ തുറമുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബലൂചിസ്താനിലെ കോൺടിനന്റൽ പേൾ ഹോട്ടലിൽനടന്ന ഭീകരാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു.

ഏതാണ്ട് 5000 കോടി ഡോളറിന്റെ വികസനപ്രവർത്തനങ്ങളാണ് സാമ്പത്തിക ഇടനാഴിപദ്ധതിവഴി ചൈന പാകിസ്താനിൽ നടപ്പാക്കുന്നത്. പാകിസ്താനും ചൈനയും തമ്മിലുള്ള ഉറ്റസൗഹൃദത്തിന്റെ മികച്ച ഉദാഹരണമാണ് പദ്ധതിയെന്നും ഇതിന് പൂർണസുരക്ഷ ഒരുക്കാൻ പാകിസ്താന് ഉത്തരവാദിത്വമുണ്ടെന്നും ആസിഫ് ഗഫൂർ പറഞ്ഞു. ഇതോടെ പാകിസ്താനിൽ വൻതോതിലുള്ള വികസനപ്രവർത്തനങ്ങൾ നടക്കുമെന്നും ഇത് ഭീകരപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വ്യാപാരമേഖലയും തൊഴിൽമേഖലയും പുരോഗതി കൈവരിക്കുന്നതോടെ വെറുപ്പിന്റെ ശക്തികളുടെ പ്രവർത്തനം ക്രമേണ ഇല്ലാതാവുമെന്നും ഗഫൂർ അഭിപ്രായപ്പെട്ടു.

2015-ലാണ് ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി പ്രവർത്തനം ആരംഭിക്കുന്നത്. പാക്കധീന കശ്മീരിലൂടെ കടന്നുപോകുന്ന പദ്ധതിയിൽ ഇന്ത്യ ആശങ്കപ്രകടിപ്പിച്ചിട്ടുണ്ട്.

Content Highlights: cpec protection-special force-pakistan