ജനീവ: ദരിദ്രരാജ്യങ്ങൾക്ക്‌ ആവശ്യമായ വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിൽ കോവിഡ് 2022-ലും തുടരുമെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ആഫ്രിക്കയിൽ ജനസംഖ്യയുടെ അഞ്ചുശതമാനത്തിനുമാത്രമാണ് വാക്സിൻ ലഭിച്ചിട്ടുള്ളത്. മറ്റുഭൂഖണ്ഡങ്ങളിൽ 40 ശതമാനത്തോളംപേർക്ക് ലഭിച്ച സ്ഥാനത്താണിത്.

അമ്പതിലധികം രാജ്യങ്ങൾക്ക് വാക്സിൻവിതരണ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഡബ്ല്യു.എച്ച്.ഒ. മുതിർന്ന ഉപദേഷ്ടാവ് ഡോ. ബ്രൂസ് അയൽവാർഡ് ചൂണ്ടിക്കാട്ടുന്നു. ഈവർഷം അവസാനത്തോടെ ദരിദ്ര-ഇടത്തരം രാജ്യങ്ങൾക്കുള്ള കോവാക്സ് പദ്ധതിയിലൂടെ 200 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാനാണ് ഡബ്ല്യു.എച്ച്.ഒ. ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 37.1 കോടി ഡോസ് മാത്രമാണ് വിതരണംചെയ്യാനായത്.

കോവാക്സ് പദ്ധതിയിലൂടെ വിതരണംചെയ്യേണ്ട വാക്സിൻ സ്വന്തം രാജ്യത്ത് വിതരണംചെയ്ത ബ്രിട്ടൻറെയും കാനഡയുടെയും നടപടിയെ അയൽവാർഡ് വിമർശിച്ചു. ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനാവശ്യമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് സമ്പന്നരാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്ത് ഇതുവരെ 676 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി ഓക്സ്ഫഡ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലോകജനസംഖ്യയുടെ 48.1 ശതമാനത്തിന് വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചു. എന്നാൽ, ദരിദ്രരാജ്യങ്ങളിൽ ഇത് 2.8 ശതമാനമാണ്.

വീണ്ടും രോഗവ്യാപനം: ചൈനയിൽ നിയന്ത്രണങ്ങൾ

ബെയ്ജിങ്: രോഗവ്യാപനം സ്ഥിരീകരിച്ചതിനെതുടർന്ന് സ്കൂളുകൾ അടച്ചിടുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളുമായി ചൈന. ഷാങ്ഹായ് പ്രവിശ്യയിൽനിന്നും ഷിയാൻ, ഗാൻസു, ഇന്നർ മംഗോളിയ പ്രവിശ്യകളിലേക്ക് യാത്രചെയ്ത വിനോദസഞ്ചാരികളുടെ സംഘമാണ് രോഗവ്യാപനത്തിന് കാരണമായത്. ഇവരുടെ സമ്പർക്കത്തിലുള്ള ഒട്ടേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ പരിശോധനകളുടെ എണ്ണംകൂട്ടുകയും രോഗികളുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുകയുംചെയ്തു.

വടക്കുപടിഞ്ഞാറൻ പട്ടണമായ ലാൻഷൗവിലെ പൗരന്മാരോട് അത്യാവശ്യകാര്യങ്ങൾക്കല്ലാതെ നഗരം വിടരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ലാൻഷൗവിലെയും ഷിയാനിലെയും വിമാനത്താവളങ്ങളിലെ 60 ശതമാനം വിമാനസർവീസുകളും റദ്ദാക്കി. വ്യാഴാഴ്ച പ്രാദേശിക സമ്പർക്കത്തിലൂടെയുള്ള 13 കേസുകളാണ് രാജ്യത്ത് റിപ്പോർട്ടുചെയ്തത്.