വാഷിങ്ടൺ: 12മുതൽ 15 വയസ്സുവരെയുള്ളവരിൽ ഫൈസർ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ(എഫ്.ഡി.എ.) അനുമതി നൽകി. ഈ പ്രായക്കാരിൽ വാക്സിൻ 100 ശതമാനം ഫലപ്രാപ്തി നൽകുമെന്ന് പരീക്ഷണത്തിൽ കണ്ടെത്തിയതായി ഫൈസറും ബയോൺടെകും മാർച്ചിൽ അറിയിച്ചിരുന്നു.

സുരക്ഷിതമാണെന്ന് എഫ്.ഡി.എ. വിദഗ്‌ധസമിതി കണ്ടെത്തിയതിനാൽ 16 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ ഡിസംബർ 11-ന് പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതിചെയ്തുവെന്ന് എഫ്.ഡി.എ. കമ്മിഷണർ ജാനെറ്റ് വുഡ്‌കോക്ക് പറഞ്ഞു. കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാൻ ഇതുസഹായിക്കും. എന്നാൽ, അനാഫൈലാക്സിസ് ഉൾപ്പെടെയുള്ള കടുത്ത അലർജി രോഗങ്ങളുള്ളവർക്ക് ഒരുകാരണവശാലും വാക്സിൻ നൽകരുതെന്നും അവർ പറഞ്ഞു. വാക്സിൻ വിതരണത്തിന് അനുമതിതേടി ഫൈസർ യൂറോപ്യൻ യൂണിയനെയും സമീപിച്ചിട്ടുണ്ട്.

Content Highlights: COVID vaccine US