സിങ്കപ്പൂർ: സിങ്കപ്പൂരിൽ വാക്സിനെടുക്കാൻ വിസമ്മതിക്കുന്നവർ കോവിഡ് ബാധിച്ച് ആശുപത്രിയിലായാൽ ഇനിമുതൽ സർക്കാരിന്റെ സൗജന്യചികിത്സ ലഭിക്കില്ല. ഡിസംബർ എട്ടുമുതൽ ഇത് പ്രാബല്യത്തിൽവരും.

ദീർഘകാലമായി രാജ്യത്തുകഴിയുന്നവരും സിങ്കപ്പൂർ പൗരന്മാരുമടക്കം കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന മുഴുവൻ പേരുടെയും ചികിത്സച്ചെലവുകൾ നിലവിൽ സർക്കാരാണ് വഹിക്കുന്നത്. വാക്സിൻ സ്വീകരിക്കാൻ വിമുഖതകാണിക്കുന്നവർക്കുള്ള കൃത്യമായ സന്ദേശമാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി ഒങ് യേ കുങ് പറഞ്ഞു. 12 വയസ്സിനു താഴെയുള്ളവർക്കും ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാനാകാത്തവർക്കും സൗജന്യചികിത്സ തുടരും. സിങ്കപ്പൂരിൽ 85 ശതമാനം പേർക്കും വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ചിട്ടുണ്ട്. 18 ശതമാനത്തിന് ബൂസ്റ്റർ ഡോസുകളും ലഭിച്ചു. ഞായറാഴ്ച 2553 പേർക്കാണ് സിങ്കപ്പൂരിൽ കോവിഡ് സ്ഥിരീകരിച്ചത്. 17 പേർ രോഗബാധിതരായി മരിച്ചു.