ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോൺ എന്ന വകഭേദം ഭീതിയുയർത്തിയതോടെ അതിർത്തികളടച്ച് ലോകരാജ്യങ്ങൾ. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ, സിംബാബ്‌വെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയനും യു.എസ്., ബ്രിട്ടൻ, സിങ്കപ്പൂർ, ജപ്പാൻ, നെതർലൻഡ്സ്, കാനഡ രാജ്യങ്ങളും വിലക്കേർപ്പെടുത്തി. വൈറസിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യസംഘടനയും പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളെയും മൊസാംബിക്കിനെയും സിങ്കപ്പൂർ, ഇറ്റലി, ഇസ്രയേൽ രാജ്യങ്ങൾ സഞ്ചാരവിലക്കിൻറെ ചുവന്നപട്ടികയിൽ ഉൾപ്പെടുത്തി. 12 മണിക്കൂറിലേറെ ഈ രാജ്യങ്ങളിൽ തങ്ങുന്നവർ രാജ്യത്തെത്തിച്ചേരുന്നത് ചെക്ക് റിപ്പബ്ലിക്കും വിലക്കി.

അതിനിടെ, അടിയന്തരസാഹചര്യം ചർച്ചചെയ്യാൻ ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) യോഗം ചേർന്നു. പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികൾ ചർച്ചചെയ്തു. ദക്ഷിണാഫ്രിക്കയുടെ ആകെ ജനസംഖ്യയുടെ 24 ശതമാനത്തിനുമാത്രമേ വാക്സിൻ ലഭിച്ചിട്ടുള്ളൂ. ഇതു വകഭേദം വേഗത്തിൽ വ്യാപിക്കാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

യൂറോപ്പിലെ ആദ്യരോഗി ബെൽജിയത്തിൽ

ജറുസലേം: ദക്ഷിണാഫ്രിക്കൻ വകഭേദം യൂറോപ്പിലും. ഭൂഖണ്ഡത്തിലെ‌ ആദ്യകേസ് ബെൽജിയത്തിൽ റിപ്പോർട്ടുചെയ്തു. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച രോഗിക്കാണിത്. അടിയന്തരനടപടി സ്വീകരിക്കുമെന്നും മേഖലയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല ഫൺ ഡെർലെയ്നും പ്രതികരിച്ചു.

പുതിയ കോവിഡ് വകഭേദം; പരക്കേ ആശങ്ക

ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷിഉണ്ടായേക്കാം

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിനിടെ, ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം 'ബി.1.1.529' ആഗോളതലത്തില്‍ കടുത്ത ആശങ്ക ഉയര്‍ത്തി. വ്യാപനശേഷി കൂടുതലായതിനാല്‍ ഇത് ഡെല്‍റ്റയെക്കാള്‍ അപകടകാരിയായേക്കുമോയെന്നാണ് ശാസ്ത്രജ്ഞര്‍ ഉറ്റുനോക്കുന്നത്.

ബി.1.1.529 വകഭേദത്തിന് ആകെ 50 ജനിതകവ്യതിയാനങ്ങള്‍ ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഇതില്‍ 30 എണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ്. നിലവിലെ വാക്‌സിനുകളുടെയെല്ലാം ലക്ഷ്യം സ്‌പൈക്ക് പ്രോട്ടീനാണ്.

ശരീരത്തിലെ കോശങ്ങളിലേക്ക് തുളച്ചുകയറാന്‍ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്‌പൈക്ക് പ്രോട്ടീനുകള്‍. അതുകൊണ്ട് മുമ്പത്തെ വകഭേദത്തെക്കാള്‍ വ്യാപനശേഷിയുള്ളതാക്കാന്‍ ഇടയാക്കുമോ പുതിയ വകഭേദമെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍.

ഡെല്‍റ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത അതിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ സംഭവിച്ച കെ.417എന്‍ എന്ന ജനിതകവ്യതിയാനമാണ്. ഇപ്പോള്‍ പുതുതായി രൂപപ്പെട്ട ബി.1.1.529 വകഭേദം അക്കൂട്ടത്തില്‍പ്പെട്ടതാണോയെന്ന് വ്യക്തമല്ല.

എയ്ഡ്സ് പോലെ പ്രതിരോധശേഷി കുറവുള്ള ഒരു രോഗിയിലുണ്ടായ കടുത്ത അണുബാധയില്‍നിന്നായിരിക്കാം ഈ വകഭേദം രൂപപ്പെട്ടതെന്ന് ലണ്ടന്‍ ആസ്ഥാനമായ യു.സി.എല്‍. ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫ്രാങ്കോയിസ് ബലൂക്‌സ് പറഞ്ഞു.

ഈയാഴ്ച ദക്ഷിണാഫ്രിക്കയിലാണ് പുതിയ വകഭേദം റിപ്പോര്‍ട്ടുചെയ്തത്. തുടര്‍ന്ന്, ബോട്സ്വാന ഉള്‍പ്പെടെയുള്ള സമീപരാജ്യങ്ങളിലേക്കും വ്യാപിച്ചു. ഹോങ് കോങ്ങിലും രണ്ടുകേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ദക്ഷിണാഫ്രിക്കയില്‍നിന്നുള്ളവരിലാണ് ഇതുകണ്ടെത്തിയത്. ഹോട്ടലുകളില്‍ വ്യത്യസ്തമുറികളില്‍ താമസിച്ചിരുന്നവരാണ് ഇവര്‍. അതിനാല്‍ത്തന്നെ രോഗാണുവ്യാപനം വായുവിലൂടെയാകാനാണ് സാധ്യതയെന്നും സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയും പ്രത്യേക മുന്‍കരുതലെടുത്തു. വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍നിന്നെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്ത് ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

രാജ്യത്ത് 10,549 പുതിയ കോവിഡ് രോഗികള്‍

രാജ്യത്ത് വെള്ളിയാഴ്ച 10,549 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 488 പേര്‍ മരിച്ചു. ഇതുവരെ 3,45,55,431 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 4,67,468 പേര്‍ മരിച്ചു.

Content Highlights: COVID: new omicron variant travel restrictions