വാഷിങ്ടൺ: ഫൈസറിൽനിന്ന് കോവിഡ് വാക്സിന്റെ 50 കോടി ഡോസുകൾ വാങ്ങി സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന 92 രാജ്യങ്ങളിൽ വിതരണംചെയ്യുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ഇതുവരെ യു.എസ്. പ്രഖ്യാപിച്ച ഏറ്റവുംവലിയ വാക്സിൻവിതരണ പാക്കേജാണിത്. ലോകത്ത് ഇത്രയുമധികം ഡോസ് വാക്സിൻ സംഭാവന ചെയ്യുന്ന രാജ്യമെന്ന നേട്ടവും ഇതിലൂടെ യു.എസ്. നേടും. ലോകജനതയോടുള്ള അമേരിക്കയുടെ ഉത്തരവാദിത്വമാണിതെന്നും മറ്റ് ജനാധിപത്യരാജ്യങ്ങളും വാക്സിൻ സംഭാവന നൽകാൻ തയ്യാറായി മുന്നോട്ടുവരണമെന്നും ബൈഡൻ പറഞ്ഞു. മഹാമാരിയെ തുടച്ചുനീക്കുകയാണ് യു.എസിന്റെ ലക്ഷ്യം. വരുംദിവസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകും.

ഓഗസ്റ്റുമുതലാണ് രാജ്യങ്ങളിലേക്ക് യു.എസ്. സൗജന്യ വാക്സിൻ എത്തിച്ചുതുടങ്ങുക. ഈവർഷംതന്നെ 20 കോടി വാക്സിൻ എത്തിക്കും. ബാക്കി 30 കോടി 2022-ന്റെ ആദ്യപകുതിയോടെയും. കോവാക്സ് പദ്ധതിയിലൂടെയായിരിക്കും ലോകത്തെ ദരിദ്ര-ഇടത്തരം രാജ്യങ്ങളിലേക്ക് വാക്സിനെത്തിക്കുക. യു.എസിലെ യൂണിറ്റുകളിൽത്തന്നെ വാക്സിൻ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്ന് ഫൈസർ അറിയിച്ചു. അതേസമയം, അമേരിക്കയിലെ പ്രായപൂർത്തിയായ 64 ശതമാനംപേർക്ക് ഇതുവരെ കോവിഡ് വാക്സിന്റെ ആദ്യഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. വാക്സിനേഷൻ തുടങ്ങി നാലരമാസത്തിനുള്ളിലാണ് യു.എസ്. ഈ ലക്ഷ്യം പൂർത്തിയാക്കിയത്.

Content Highlights: COVID 19 vaccine US