ജനീവ: ദരിദ്രരാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകാനുള്ള ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) കോവാക്സ് പദ്ധതിക്ക് ഔഷധനിർമാണകമ്പനിയായ മൊഡേണ 2022 അവസാനത്തോടെ 50 കോടി ഡോസുകൾ നൽകും. വാക്സിൻ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന കമ്പനിയായ ഗവിയാണ് ഇക്കാര്യത്തിൽ മൊഡേണയുമായി ധാരണയിലെത്തിയതായി തിങ്കളാഴ്ച അറിയിച്ചത്.

വെള്ളിയാഴ്ചയാണ് ലോകാരോഗ്യസംഘടന മൊഡേണ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. എന്നാൽ, ഈവർഷം ഒക്ടോബറോടെയാകും വാക്സിൻ വിതരണം ആരംഭിക്കുക. 3.4 കോടി ഡോസുകൾ ഈവർഷവും 46.6 കോടി എണ്ണം അടുത്തവർഷവും വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കരാറിലെ സാമ്പത്തികനിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല.

ജനിതകമാറ്റം സംഭവിച്ച വൈറസുകൾക്കെതിരേ മൊഡേണ വാക്സിൻ ഏറെ ഫലപ്രദമാണെന്ന് പരീക്ഷണഫലങ്ങൾ നേരത്തേ തെളിയിച്ചിരുന്നു. ആസ്ട്രസെനെക്ക, ഫൈസർ വാക്സിനുകളാണ് നിലവിൽ കോവാക്സ് പദ്ധതിയിലൂടെ വിതരണംചെയ്യുന്നത്. മുഖ്യ നിർമാതാക്കളായ ഇന്ത്യയിൽ രോഗവ്യാപനം രൂക്ഷമായത് പദ്ധതിയിലേക്കുള്ള ആസ്ട്രസെനെക്ക വാക്സിന്റെ ഡോസുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ ആസ്ട്രസെനെക്കയുടെ 10 ലക്ഷം ഡോസുകൾ അടിയന്തരമായി കോവാക്സ് പദ്ധതിയിലേക്ക് സംഭാവന ചെയ്യാൻ തയ്യാറാണെന്ന് സ്വീഡൻ അറിയിച്ചിട്ടുണ്ട്.

Content Highlights: COVID 19 vaccine UN