വത്തിക്കാൻ: പ്രത്യാശയുടെ പ്രതീകമാണ് ഉയിർത്തെഴുന്നേൽക്കപ്പെട്ട യേശുക്രിസ്തുവെന്നും ശുഭപ്രതീക്ഷ കൈവിടരുതെന്നും ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഈസ്റ്റർദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നൂറിൽ താഴെ പേരെ മാത്രമാണ് പങ്കെടുപ്പിച്ചത്.

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും കുടിയേറ്റക്കാരെയും യുദ്ധഭൂമികളിൽ ജീവിക്കുന്നവരെയുമെല്ലാം അനുസ്മരിച്ചായിരുന്നു മാർപാപ്പയുടെ സന്ദേശം. കോവിഡിനെ തുടച്ചുനീക്കാൻ പ്രതിരോധമരുന്ന് എല്ലാവർക്കും അവശ്യമാണെന്നും ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലേക്കും അത് എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹത്തെ ആഹ്വാനം ചെയ്തു.

രോഗവ്യാപനവും അതുണ്ടാക്കിയ സാമൂഹിക, സാമ്പത്തിക പ്രതിസന്ധികളും തുടരുകയാണ്. ദരിദ്രരാണ് കൂടുതൽ പ്രത്യാഘാതം അനുഭവിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഐക്യരാഷ്‌ട്രസഭയെ അഭിസംബോധന ചെയ്ത മാർപാപ്പ സമ്പന്നരാജ്യങ്ങൾ കൂടുതലായി വാക്സിൻ വാങ്ങിക്കൂട്ടുന്നതിനെ വിമർശിച്ചിരുന്നു.

മ്യാൻമാറിൽ ജനാധിപത്യാനുകൂല പ്രതിഷേധങ്ങളിൽ മരിച്ചവർക്കുവേണ്ടി പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരസംഘടനയായ ഐ.എസ്. അക്രമണം ശക്തമായ മൊസാംബിക് അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളെയും പ്രസംഗത്തിൽ മാർപാപ്പ പരാമർശിച്ചു.

Content Highlights: COVID 19 vaccine Pope Francis