ന്യൂയോർക്ക്: കോവിഡിനെ ഫലപ്രദമായി നേരിടാൻ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്ക് ഒരുകൊല്ലത്തിനുള്ളിൽ മൂന്നാംഘട്ട ഡോസും നൽകേണ്ടിവരുമെന്ന് ഫൈസർ സി.ഇ.ഒ. ആൽബർട്ട് ബൗർല പറഞ്ഞു. സി.വി.സി. ആരോഗ്യപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷൻ പൂർത്തിയാക്കി ആറുമുതൽ 12 മാസത്തിനിടെയായിരിക്കും മൂന്നാം ഡോസ് നൽകേണ്ടിവരുക. വാക്സിന് പരിമിതകാലത്തേക്കേ പ്രതിരോധശേഷി ഉറപ്പാക്കാനാവൂ എന്നതിനാൽ വർഷംതോറും വാക്സിനെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഈവർഷമാദ്യംതന്നെ മൂന്നാം ഡോസ് നൽകുന്നതിനുള്ള പരീക്ഷണം തുടങ്ങിയെന്നും ഫൈസർ അറിയിച്ചിട്ടുണ്ട്. ഫൈസർ/ബയോൺടെക് വാക്സിൻ കോവിഡിനെതിരേ 91 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ.

ബ്രിട്ടനിൽ 77 പേരിൽ ഇന്ത്യൻ വകഭേദം സ്ഥിരീകരിച്ചു

ലണ്ടൻ: കോവിഡിന്റെ, ഇന്ത്യയിലാദ്യം സ്ഥിരീകരിച്ച വകഭേദം ബ്രിട്ടനിൽ 77 പേരിൽ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ള വകഭേദം എന്ന വിഭാഗത്തിലാണ് ഇതിനെ പെടുത്തിയത്. ഏറെ വ്യാപനശേഷിയുള്ളതാണിത്. ഇന്ത്യയിലെ നിലവിലെ രോഗവ്യാപനത്തിനുപിന്നിൽ ഈ വകഭേദമാണെന്നാണ് വിലയിരുത്തൽ.

കോവിഡ് രോഗവ്യാപനം അസ്വസ്ഥപ്പെടുത്തുന്നു -ഡബ്ല്യു.എച്ച്.ഒ. മേധാവി

ജനീവ: ആഗോളതലത്തിൽ കോവിഡ് വർധിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ലോകാരോഗ്യസംഘടനാതലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഓരോ ആഴ്ചയിലും സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായി. ഇതുവരെയുള്ള രോഗവ്യാപനനിരക്കിൽ എറ്റവും ഉയർന്നതാണിത്. ഈവർഷത്തിന്റെ തുടക്കത്തിൽ പാപ്പുവ ന്യൂ ഗിനിയിൽ 900-ൽതാഴെ കേസുകളും ഒമ്പതുമരണങ്ങളുമാണ് റിപ്പോർട്ടുചെയ്തത്. എന്നാലിപ്പോൾ 9000 കേസുകളും 83 മരണങ്ങളും ഉണ്ടായി. ഇതിൽ പകുതിയും കഴിഞ്ഞമാസമാണ് റിപ്പോർട്ടുചെയ്തതെന്നും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

Content Highlights: COVID 19 vaccine Pfizer