ബെയ്ജിങ്: ചൈനയിൽ പരീക്ഷണഘട്ടത്തിലുള്ള കോവിഡ് വാക്സിൻ അപകടസാധ്യതയുള്ളവർക്ക് നൽകാൻ തീരുമാനം. ജെജാങ് പ്രവിശ്യയിലെ ജ്യാസിങ് നഗരത്തിലാണ് സിനോവാക് ബയോടെക് കമ്പനിയുടെ കോറോണവാക് എന്ന വാക്സിൻ ലഭ്യമാക്കിയത്. 4398 രൂപയാണ് (60 യു.എസ്. ഡോളർ) ഒരു ഡോസിന് വില.

18മുതൽ 59 വയസ്സുവരെയുള്ളവർക്ക് വാക്സിൻറെ രണ്ടുഡോസ് 400 യുവാൻ ‍(4402 രൂപ) നിരക്കിൽ നൽകുമെന്ന് ജ്യാസിങ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനെ ഉദ്ധരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. എന്നാൽ, വാക്സിൻ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ തുടങ്ങിയിട്ടില്ലെന്നും അടിയന്തര ഉപയോഗങ്ങൾക്കുമാത്രമാണെന്നും അധികൃതർ അറിയിച്ചു.

വാക്സിന്റെ അവസാനഘട്ടപരീക്ഷണങ്ങൾ ബ്രസീൽ, ഇൻഡൊനീഷ്യ, തുർക്കി എന്നീ രാജ്യങ്ങളിൽ നടന്നുവരുകയാണ്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ നവംബർ ആദ്യത്തോടെ ലഭിക്കും. അപകടസാധ്യതയുള്ളവർക്ക് വാക്സിൻ നൽകുന്നതിന് നിയമതടസ്സമില്ലെന്ന് ചൈനീസ് ദേശീയ ആരോഗ്യകമ്മിഷൻ ജൂണിൽ വ്യക്തമാക്കിയിരുന്നു.

Content Highlights: COVID 19 vaccine China