ജനീവ: കോവിഡിന്റെ ഏറ്റവും വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം ഇതുവരെ 132 രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). ആൽഫ വകഭേദം 182-ഉം ബീറ്റ 131-ഉം ഗാമ 81-ഉം രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായി ഡബ്ല്യു.എച്ച്.ഒ. പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ലോകത്ത് കോവിഡ് രോഗവ്യാപനവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച (ജൂലായ് 19-25) 38 ലക്ഷത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് എട്ടുശതമാനമാണ് വർധന. ഇക്കാലയളവിൽ 69,000 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. മുൻ ആഴ്ചയെ അപേക്ഷിച്ച് 21 ശതമാനമാണ് മരണം വർധിച്ചത്. ശരാശരി 5.40 ലക്ഷം പേർക്ക് പ്രതിദിനം രോഗബാധ സ്ഥിരീകരിച്ചുവെന്നും ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കി.

യു.എസിലാണ് കഴിഞ്ഞ ആഴ്ച കൂടുതൽ രോഗികളുണ്ടായത്. അഞ്ചുലക്ഷം പേർക്ക് രോഗബാധയുണ്ടായി. ബ്രസീൽ, ഇൻഡൊനീഷ്യ, ബ്രിട്ടൻ, ഇന്ത്യ എന്നിവിടങ്ങളിലും രോഗികൾ വർധിച്ചു. കോവിഡ് വാക്സിന്റെ 370 കോടി ഡോസുകൾ ഇതുവരെ വിതരണം ചെയ്തു.

മരണങ്ങൾ 42 ലക്ഷം കടന്നു

വാഷിങ്ടൺ/ബ്രസീലിയ: ലോകത്ത് ഇതുവരെ 42.05 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചു. 19.68 കോടി പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. യു.എസ്., ബ്രസീൽ, ഇന്ത്യ, പെറു, റഷ്യ എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ കൂടുതൽ.

Content Highlights: Covid 19 spread massively Delta Variant observed in 132 countries